‘നിയമവാഴ്ചയാണ് ജനാധിപത്യത്തിന്റെ ആണിക്കല്ല്’; രാഹുൽ ഗാന്ധി വിഷയം നിരീക്ഷിച്ചു വരികയാണെന്ന് യുഎസ്
രാഹുൽ ഗാന്ധി എംപിയെ അയോഗ്യനാക്കിയ നടപടിയിൽ പ്രതികരണവുമായി അമേരിക്ക. വിഷയം നിരീക്ഷിച്ചുവരികയാണെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ മുഖ്യ ഉപ വക്താവ് വേദാന്ത് പട്ടേൽ. അഭിപ്രായസ്വാതന്ത്ര്യത്തോടൊപ്പം ജനാധിപത്യ മൂല്യങ്ങളോടുള്ള തങ്ങളുടെ പ്രതിബദ്ധത ഇന്ത്യൻ സർക്കാരുമായി പങ്കുവെക്കുന്നുണ്ടെന്നും പട്ടേൽ പ്രതികരിച്ചു.
നിയമവാഴ്ചയും ജുഡീഷ്യൽ സ്വാതന്ത്ര്യത്തോടുള്ള ബഹുമാനവുമാണ് ഏതൊരു രാജ്യത്തിന്റെയും ജനാധിപത്യത്തിന്റെ അടിസ്ഥാന ശിലകൾ. ഇന്ത്യൻ കോടതിയിൽ രാഹുൽ ഗാന്ധിയുടെ കേസ് നിരീക്ഷിച്ചു വരികയാണെന്നും രാഹുൽ ഗാന്ധിയെ പുറത്താക്കിയതുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടിയായി വേദാന്ത് പട്ടേൽ പറഞ്ഞു. ഇന്ത്യയുമായോ രാഹുൽ ഗാന്ധിയുമായോ യുഎസ് ചർച്ച നടത്തുന്നുണ്ടോ എന്ന ചോദ്യത്തിന്, രാഹുൽ ഗാന്ധിയുടെ കേസിൽ പ്രത്യേക ഇടപെടൽ നടത്തുമെന്നല്ല ഇതിനർഥമെന്ന് അദ്ദേഹം മറുപടി നൽകി.