Thursday, January 9, 2025
World

24 മണിക്കൂറിനിടെ 5.90 ലക്ഷം രോഗികള്‍; ലോകത്ത് കൊവിഡ് ബാധിതര്‍ 10 കോടി കടന്നു

വാഷിങ്ടണ്‍: ലോകത്ത് കൊവിഡ് രോഗബാധ ശമനമില്ലാതെ തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 5,90,732 പേര്‍ക്കാണ് വൈറസ് ബാധിച്ചത്. 16,852 മരണവും രേഖപ്പെടുത്തി. വിവിധ രാജ്യങ്ങളിലായി ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 10 കോടി കടന്നിരിക്കുകയാണ്. ജനിതകമാറ്റം സംഭവിച്ച കൊവിഡ് വകഭേദം ബ്രിട്ടനിലും ദക്ഷിണാഫ്രിക്കയിലും കണ്ടെത്തിയതിനുശേഷം വൈറസ് ബാധിതരുടെ എണ്ണം അതിവേഗം കൂടുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ആദ്യം സ്ഥിരീകരിച്ച വൈറസിനേക്കാള്‍ 70 ഇരട്ടി വ്യാപനശേഷി പുതിയ വകഭേദത്തിനുണ്ടെന്നാണ് പഠനങ്ങളിലൂടെ കണ്ടെത്തിയത്. ഈ സാഹചര്യത്തില്‍ പ്രതിരോധനടപടികള്‍ ഊര്‍ജിതമാക്കിയെങ്കിലും രോഗവ്യാപനത്തിന് അറുതിയുണ്ടായിട്ടില്ല.

പല രാജ്യങ്ങളും നിയന്ത്രണങ്ങള്‍ കടുപ്പിച്ചുകൊണ്ടിരിക്കുകയാണ്. ലോകത്ത് ഇതുവരെ 10,14,41,177 പേര്‍ വൈറസ് ബാധിതരായപ്പോള്‍ 21,84,283 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 7,33,28,475 പേരുടെ രോഗം ഭേദമായിട്ടുണ്ട്. 2,59,28,419 പേര്‍ ഇപ്പോഴും ചികില്‍സയില്‍ കഴിയുകയാണ്. ഇതില്‍ 1,10,335 പേരുടെ നില ഗുരുതരമായി തുടരുന്നു. അമേരിക്ക, ഇന്ത്യ, ബ്രസീല്‍, റഷ്യ, യുകെ, ഫ്രാന്‍സ്, സ്‌പെയിന്‍, ഇറ്റലി, തുര്‍ക്കി, ജര്‍മനി തുടങ്ങിയവയാണ് രോഗവ്യാപനം കൂടുതലുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ആദ്യ പത്തിലുള്ളത്. അമേരിക്കയില്‍ ഒരുദിവസത്തിനിടെ ഒന്നരലക്ഷം പേരാണ് രോഗികളായത്. 3,912 പേര്‍ മരിക്കുകയും ചെയ്തു. ബ്രസീലില്‍ 63,895 കേസുകളും യുകെയില്‍ 25,308 കേസുകളുമാണ് റിപോര്‍ട്ട് ചെയ്തത്.

സ്‌പെയ്‌നില്‍ 40,285 പേര്‍ക്ക് വൈറസ് ബാധിച്ചതായാണ് പുതിയ റിപോര്‍ട്ട്. വിവിധ രാജ്യങ്ങളിലെ രോഗബാധയുടെ വിശദാംശങ്ങള്‍ ഇപ്രകാരമാണ്. രാജ്യം, ആകെ രോഗികള്‍, ബ്രായ്ക്കറ്റില്‍ മരണം എന്ന ക്രമത്തില്‍: അമേരിക്ക- 2,61,66,201 (4,39,517), ഇന്ത്യ- 1,07,02,031 (1,53,885), ബ്രസീല്‍- 90,00,485 (2,20,237), റഷ്യ- 37,74,672 (71,076), യുകെ- 37,15,054 (1,01,887), ഫ്രാന്‍സ്- 31,06,859 (74,456), സ്‌പെയിന്‍- 27,74,014 (57,291), ഇറ്റലി- 25,01,147 (86,889), തുര്‍ക്കി- 24,49,839 (25,476), ജര്‍മനി- 21,79,679 (55,358). കൊളംബിയ, അര്‍ജന്റീന, മെക്‌സിക്കോ, പോളണ്ട്, ദക്ഷിണാഫ്രിക്ക, ഇറാന്‍, ഉക്രെയ്ന്‍, പെറു, ഇന്തോനീസ്യ തുടങ്ങിയ രാജ്യങ്ങളില്‍ 10 ലക്ഷത്തിന് മുകളിലാണ് രോഗികളുടെ എണ്ണം.

Leave a Reply

Your email address will not be published. Required fields are marked *