Thursday, January 9, 2025
Top News

ഗജവീരന്‍ മംഗലാംകുന്ന് കര്‍ണന്‍ ചരിഞ്ഞു

പാലക്കാട്: കേരളത്തിലെ നാട്ടാനകളില്‍ പ്രമുഖനും ആനപ്രേമികളുടെ പ്രിയങ്കരനുമായ മംഗലാംകുന്ന് കര്‍ണന്‍ ചരിഞ്ഞു. 65 വയസായിരുന്നു. ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു അന്ത്യം. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. സംസ്‌കാരം ഇന്ന് വാളയാര്‍ വനത്തില്‍ നടക്കും. മംഗലാംകുന്ന് പരമേശ്വരന്‍, ഹരിദാസ് സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള ഗജവീരനാണു കര്‍ണന്‍. 2019 മാര്‍ച്ചിലാണ് മംഗലാംകുന്ന് കര്‍ണന്‍ അവസാനമായി ഉല്‍സവത്തില്‍ പങ്കെടുത്തത്.

ഗുരുവായൂര്‍ ദേവസ്വം കഴിഞ്ഞാല്‍ ഏറ്റവുമധികം ആനകളുള്ളത് മംഗലാംകുന്ന് കുടുംബത്തിലാണ്. മംഗലാംകുന്ന് ഗണപതി (നേരത്തെ ചരിഞ്ഞു), മംഗലാംകുന്ന് കര്‍ണന്‍, മംഗലാംകുന്ന് അയ്യപ്പന്‍ എന്നീ മൂന്ന് വമ്പന്‍മാരാണ് തറവാട്ടിലെ ഏറ്റവും പ്രശസ്തര്‍. 1989ലാണ് കര്‍ണനെ ബിഹാറിലെ ചാപ്രയില്‍നിന്ന് നാനു എഴുത്തച്ഛന്‍ ഗ്രൂപ്പ് സ്വന്തമാക്കുന്നത്. 2000ലാണ് മംഗലാംകുന്ന് കുടുംബം കര്‍ണനെ വാങ്ങുന്നത്.

തൃശൂര്‍ പൂരം ഉള്‍പ്പെടെയുള്ള മുന്‍നിര ഉല്‍സവങ്ങളില്‍ വര്‍ഷങ്ങളോളം പങ്കെടുത്തിട്ടുണ്ട്. വടക്കന്‍ പറവൂരിലെ ചക്കുമരശ്ശേരി ശ്രീകുമാര ഗണപതി ക്ഷേത്രത്തിലെ തലപ്പൊക്കത്തിനുള്ള മല്‍സരത്തില്‍ 9 വര്‍ഷം തുടര്‍ച്ചയായി വിജയിയായിരുന്നു. കേരളത്തിലങ്ങോളമിങ്ങോളം നടന്ന തലപ്പൊക്കത്തിനുള്ള മല്‍സരങ്ങളിലും വിജയിച്ചിട്ടുണ്ട്. ഇത്തിത്താനം ഗജമേളയിലും കര്‍ണന്‍ വിജയിയായിട്ടുണ്ട്. സിനിമകളിലും പരസ്യചിത്രങ്ങളിലും കര്‍ണന്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *