Monday, January 6, 2025
World

വിദൂരത്തായാലും ഇനി ‘നേരിട്ട്’ ചുംബനം നല്‍കാം; നൂതന കണ്ടെത്തലുമായി ചൈനീസ് സര്‍വകലാശാല

പ്രിയപ്പെട്ടവരോട് സംസാരിക്കാനും അവരുടെ ഒപ്പമിരിക്കാനും എപ്പോഴും എല്ലാവരും ആഗ്രഹിക്കാറുണ്ട്. പക്ഷേ പ്രിയപ്പെട്ടവര്‍ ഒപ്പമില്ലെങ്കിലോ ? കൂടെയില്ലെങ്കിലും എത്ര വിദൂരത്തിരുന്ന സംസാരിക്കാനും കാണാനും ഇന്ന് വിഡിയോ കോള്‍ അടക്കം നിരവധി സാങ്കേതിക വിദ്യകളുണ്ട്. എന്നാല്‍ ഒന്നുചിന്തിച്ചിട്ടുണ്ടോ? വിദൂരത്താണെങ്കിലും ഇഷ്ടമുള്ള ആള്‍ക്കൊരു ചുംബനം കൊടുക്കാന്‍ കഴിഞ്ഞെങ്കിലെന്ന്? അതിനൊരു പരിഹാരം കണ്ടുപിടിച്ചിരിക്കുകയാണ് ചാങ്ഷൗ സിറ്റിയിലെ ചൈനീസ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥിയായ ജിയാങ് സോംഗ്ലി.

പഠനാകാലത്ത് സോംഗ്ലിക്കൊരു കാമുകിയുണ്ടായിരുന്നു. രണ്ടുപേരും രണ്ട് നാടുകളിലായതിനാല്‍ ഫോണിലൂടെ മാത്രമേ ബന്ധപ്പെട്ടിരുന്നുള്ളൂ. ആ ചിന്തയില്‍ നിന്നാണ് ഈ ഉപകരണം കണ്ടുപിടിക്കാന്‍ പ്രചോദനമായതെന്ന് ജിയാങ് സോംഗ്ലി പറയുന്നു.

കമിതാക്കള്‍ക്ക് എത്ര ദൂരെ നിന്നും ഇനി ചുംബിക്കാവുന്ന തരത്തിലാണ് ഈ സാങ്കേതിക വിദ്യ തയ്യാറാക്കിയിരിക്കുന്നത്. റിമോട്ട് കിസ്സിംഗ് ഡിവൈസ് എന്നുവിളിക്കാവുന്ന ഈ ഉപകരണം ഏതായാലും സമൂഹ മാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു. കിസ്സെംഗര്‍ എന്നാണ് നല്‍കിയിരിക്കുന്ന പേര്.

ചലിക്കുന്ന വിധത്തിലുള്ള ഫീച്ചറുള്‍പ്പെടുന്ന ഈ സിലിക്കണ്‍ ഉപകരണം മനുഷ്യന്റെ ചുണ്ടിനോട് സാമ്യമുള്ളതാണ്. ഇത് ഫോണില്‍ ഘടിപ്പിച്ച്, അതുവഴി വിദൂരത്തുള്ളവര്‍ക്ക് ചുംബനം കൊടുക്കാനും ചുംബനം സ്വീകരിക്കാനും ഈ ഡിവൈസിലൂടെ സാധിക്കും. ചാങ്‌സോ വൊക്കേഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓപ് മെക്കാട്രോണിക് ടെക്‌നോളജി ഈ കണ്ടുപിടിത്തത്തിന് പേറ്റന്റും സ്വന്തമാക്കിയിട്ടുണ്ട്.

സിലിക്കണ്‍ ചുണ്ടുകള്‍, പ്രഷര്‍ സെന്‍സര്‍, ആക്യുറേറ്റേഴ്‌സ് എന്നിവയിലൂടെയാണ് ഈ ഉപകരണത്തിന്റെ പ്രവര്‍ത്തനം സാധ്യമാകുന്നത്. യഥാര്‍ത്ഥ ചുംബനം പോലെ തന്നെ ആളുകള്‍ക്ക് ഫീല്‍ ചെയ്യുന്ന തരത്തിലാണ് ഇതിന്റെ ക്രമീകരണമെന്ന് ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സൗത്ത് ചൈന മോണിംഗ് പോസ്റ്റിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, സെന്‍സറുകള്‍ ഉപയോഗിച്ച് ചുംബിക്കുന്നയാളുടെ ചുണ്ടിന്റെ സമ്മര്‍ദ്ദം, ചലനം, ചൂട് എന്നിവ ഈ ഉപകരണം അനുകരിക്കും. ചൈനീസ് ഇകൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ടൊബാക്കോയില്‍ 260 യുവാന് (3000 ഇന്ത്യന്‍ രൂപ) ഈ ഉപകരണം ലഭ്യമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *