നീറ്റ് പിജി പരീക്ഷ മാറ്റിവയ്ക്കില്ല, ഹർജി സുപ്രീം കോടതി തള്ളി
മാർച്ച് 5ന് നടത്താൻ നിശ്ചയിച്ചിരിക്കുന്ന നീറ്റ് പിജി പ്രവേശന പരീക്ഷ മാറ്റിവയ്ക്കില്ല. പരീക്ഷ മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജികൾ സുപ്രീം കോടതി തള്ളി. പ്രവേശന പരീക്ഷ ഏപ്രില്‍, മെയ് മാസത്തിലേക്ക് മാറ്റണമെന്നായിരുന്നു വിദ്യാർത്ഥികളുടെ ആവശ്യം.
ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ട്, ജസ്റ്റിസ് ദീപങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികൾ തള്ളിയത്. ഇതിനകം 2 ലക്ഷത്തിലധികം ഉദ്യോഗാർത്ഥികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട് എന്ന വസ്തുത കണക്കിലെടുത്ത്, പരീക്ഷ മാറ്റിവയ്ക്കുന്നത് വിദ്യാർത്ഥികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്ന് വാദത്തിനിടെ ബെഞ്ച് നിരീക്ഷിച്ചു. ഹര്‍ജിയില്‍ കഴിഞ്ഞ വെള്ളിയാഴ്ച കോടതി ദേശീയ പരീക്ഷാ ബോർഡിന്റെ പ്രതികരണം തേടിയിരുന്നു. ജനുവരി 7 ന് നീറ്റ് പിജി പരീക്ഷയ്ക്ക് ആദ്യമായി വിജ്ഞാപനം പുറപ്പെടുവിച്ചപ്പോള്‍, ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കുന്നതിനുള്ള കട്ട്-ഓഫ് തീയതി മാര്‍ച്ച് 31, 2023 ആയി നിശ്ചയിച്ചിരുന്നുവെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി.
പിന്നീട് ഫെബ്രുവരി 7-ന് കട്ട് ഓഫ് തീയതി 2023 ഓഗസ്റ്റ് 11 വരെ നീട്ടി. കട്ട് ഓഫ് തീയതി നീട്ടിയിട്ടുണ്ടെങ്കിലും, ആദ്യം പ്രഖ്യാപിച്ച തീയതിയിൽ പരീക്ഷകൾ നടത്തേണ്ടതിനാൽ, പുതുതായി യോഗ്യത നേടിയ ഉദ്യോഗാർത്ഥികൾക്ക് തയ്യാറെടുക്കാൻ മതിയായ സമയം ലഭിക്കുന്നില്ലെന്നാണ് ഹർജിക്കാരുടെ വാദം. അതിനാൽ 2023 ഓഗസ്റ്റ് 11-ന് മുമ്പ് കൗൺസിലിംഗ് നടത്താൻ കഴിയില്ലെന്ന വസ്തുത കണക്കിലെടുത്ത് നീറ്റ്-പിജി പരീക്ഷ മൂന്ന് മാസത്തേക്ക് മാറ്റിവയ്ക്കണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടു.