Tuesday, January 7, 2025
World

കൊവിഡ് പ്രക്ഷോഭം ആളി പടര്‍ന്ന് ചൈന; അടിച്ചമര്‍ത്താന്‍ നടപടി തുടങ്ങി ചൈനീസ് സര്‍ക്കാര്‍

ബീയജിംഗ്: ചൈനയിലെ കർശനമായ കോവിഡ് നടപടികൾക്കെതിരെയുള്ള ജനരോഷം വിവിധ പട്ടണങ്ങളിലേക്ക് പടരുന്നതായി റിപ്പോര്‍ട്ട്. ഇതോടെ ഇത്തപം പ്രകടനങ്ങൾ അടിച്ചമര്‍ത്താന്‍ ചൈനീസ് സര്‍ക്കാര്‍ നീക്കം ആരംഭിച്ചു. സോഷ്യല്‍ മീഡിയ വഴിയാണ് ഇത്തരം പ്രക്ഷോഭങ്ങള്‍ നിരവധി നഗരങ്ങളിൽ ഉയർന്ന് വരുന്നത് എന്നതിനാല്‍ സോഷ്യല്‍ മീഡിയ നിരീക്ഷണവും, നിയന്ത്രണവും ചൈനീസ് സര്‍ക്കാര്‍ ശക്തമാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ചൈനീസ് സര്‍ക്കാറിന്‍റെ സീറോ-കോവിഡ് നയമാണ് ഇപ്പോള്‍ നടക്കുന്ന പ്രതിഷേധത്തിന് ആക്കം കൂട്ടിയത്. അധികാരികൾ പ്രഖ്യാപിക്കുന്ന അപ്രതീക്ഷിതവും നീണ്ടതുമായ അടച്ചിടലുകള്‍. വിരലിലെണ്ണാവുന്ന കേസുകള്‍ക്ക് വേണ്ടി നടത്തുന്ന കൂട്ട പരിശോധന രീതിയും ഒക്കെ വലിയ ബുദ്ധിമുട്ടും രോഷവും ചൈനയില്‍ ഉണ്ടാക്കിയെന്നാണ് വിവരം.

വടക്കുപടിഞ്ഞാറൻ ചൈനയിലെ സിൻജിയാങ് മേഖലയുടെ തലസ്ഥാനമായ ഉറുംഖിയിൽ വ്യാഴാഴ്ചയുണ്ടായ തീപിടിത്തം പൊതുജന രോഷം കൂടാന്‍ കാരണമായി എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പത്തോളം പേര്‍ മരിച്ച അപകടത്തില്‍ രക്ഷാപ്രവർത്തനം വൈകാന്‍ കാരണമായത് കോവിഡ് ലോക്ക്ഡൗണാണ് എന്നാണ് ആരോപണം. എന്നാല്‍ ഈ ആരോപണം ചൈനീസ് അധികൃതർ നിഷേധിക്കുന്നു.

തീപിടുത്തത്തിന് ശേഷം നൂറുകണക്കിന് ആളുകൾ ഉറുംഖിയിലെ സർക്കാർ ഓഫീസുകൾക്ക് പുറത്ത് തടിച്ചുകൂടി, “ലോക്ക്ഡൗണുകൾ പിൻവലിക്കൂ!” അടക്കം സര്‍ക്കാര്‍ വിരുദ്ധ മുദ്രവാക്യങ്ങള്‍ മുഴക്കി. ഇതിന്‍റെ ദൃശ്യങ്ങള്‍ വൈറലായതോടെയാണ് മറ്റു നഗരങ്ങളിലേക്ക് പ്രക്ഷോഭം പടര്‍ന്നത്.

Leave a Reply

Your email address will not be published. Required fields are marked *