ഇന്ത്യയിലേക്ക് നൂറിലധികം ആഫ്രിക്കൻ ചീറ്റപുലികൾ എത്തുന്നു; അടുത്ത മാസം 12 ചീറ്റകൾ എത്തും
ആഫ്രിക്കയിൽ നിന്നും 12 ചീറ്റകൾ അടുത്ത മാസം ഇന്ത്യയിലേക്ക് എത്തുമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം. ചീറ്റ ട്രാൻസ് ലൊക്കേഷൻ പദ്ധതിയുടെ ഭാഗമായാണ് 12 ചീറ്റകൾ രാജ്യത്തെത്തുന്നത്. വരും വർഷങ്ങളിൽ ഇന്ത്യയിലേക്ക് നൂറിലധികം ചീറ്റകളെ എത്തിക്കുമെന്ന് സൗത്ത് ആഫ്രിക്ക അറിയിച്ചു.
‘അടുത്ത എട്ട് മുതൽ പത്ത് വർഷം വരെ ഓരോ വർഷവും 12 ചീറ്റകൾക്ക് പുനരധിവാസം നൽകാനാണ് തീരുമാനം. ഇതിലൂടെ സുരക്ഷിതവും പ്രായോഗികവുമായ ഇടം ചീറ്റകൾക്ക് വേണ്ടി ഒരുക്കും’, പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കി.
2020 ലാണ് ആഫ്രിക്കൻ ചീറ്റകൾ, വ്യത്യസ്തമായ ജീവജാലങ്ങൾ എന്നിവയെ മറ്റ് രാജ്യങ്ങളിൽ നിന്നും വാങ്ങി അവയെ സംരക്ഷിക്കുന്നതിന് വേണ്ടി സുരക്ഷിതമായ ഇടം ഒരുക്കാമെന്ന് സുപ്രീം കോടതി നിർദേശിച്ചത്. ദക്ഷിണാഫ്രിക്കയിൽ നിന്നും കഴിഞ്ഞ ഓഗസ്റ്റിൽ ചീറ്റകളെ ഇന്ത്യയിലേക്ക് എത്തിക്കുമെന്നാണ് കരുതിയിരുന്നത്. എന്നാൽ ഇതുമായി ബന്ധപ്പെട്ട കരാർ ചർച്ചകൾ നീണ്ടതു കൊണ്ടാണ് ചീറ്റകളെ ഇന്ത്യയിലേക്ക് എത്തിക്കാൻ വൈകിയത്.
കഴിഞ്ഞ സെപ്റ്റംബർ മാസം എട്ട് ചീറ്റ പുലികളെ നമീബിയയിൽ നിന്നും ഇന്ത്യയിലേക്ക് എത്തിച്ചിരുന്നു. പ്രധാനമന്ത്രിയുടെ ജന്മദിനത്തിലായിരുന്നു ചീറ്റ പുലികളെ മധ്യപ്രദേശിൽ എത്തിച്ചത്.ഇന്ത്യ 1952 വരെ ഏഷ്യൻ ചീറ്റകൾക്ക് ഏറ്റവും സുരക്ഷിതമായ രാജ്യമായിരുന്നു. എന്നാൽ പിന്നീട് വാസസ്ഥലങ്ങളുടെ നാശവും ചീറ്റകളുടെ മരണവുമെല്ലാം വംശനാശം സംഭവിക്കുന്നതിന് പ്രധാന കാരണമായി മാറി.