Saturday, October 19, 2024
National

കുനോ നാഷണൽ പാർക്കിൽ കൂടുതൽ ചീറ്റകൾ എത്തുന്നു

12 ചീറ്റകളുടെ രണ്ടാം ബാച്ച് ജനുവരിയിൽ ദക്ഷിണാഫ്രിക്കയിൽ നിന്ന് ഇന്ത്യയിലെത്തുമെന്ന് റിപ്പോർട്ട്. ദക്ഷിണാഫ്രിക്കൻ അധികൃതരുമായുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും ജനുവരിയിൽ ചീറ്റകൾ എത്തുമെന്നും കേന്ദ്ര പരിസ്ഥിതി മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.

ചീറ്റയെ ഇന്ത്യയിൽ പുനരവതരിപ്പിക്കുന്നതിന് വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ തയ്യാറാക്കിയ കർമ്മ പദ്ധതി പ്രകാരം ഇന്ത്യൻ മണ്ണിന് അനുയോജ്യമായ ഏകദേശം 12-14 ചീറ്റകളെ ദക്ഷിണാഫ്രിക്ക, നമീബിയ മറ്റ് ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യും. അതേസമയം മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലെ ചീറ്റ വിനോദസഞ്ചാരം ഫെബ്രുവരിയിൽ ആരംഭിക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ട്.

ചീറ്റകൾ വേട്ടയാടി ഭക്ഷണം കഴിക്കാൻ ആരംഭിച്ചതായി മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലെ അധികൃതർ അറിയിച്ചിരുന്നു. ചീറ്റകൾ ഇന്ത്യൻ കാലാവസ്ഥയുമായി പൊരുത്തപ്പെട്ട സാഹചര്യത്തിലാണിത്. സെപ്തംബർ 17 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എട്ട് ചീറ്റപ്പുലികളടങ്ങിയ ആദ്യ ബാച്ചിനെ കുനോ നാഷണൽ പാർക്കിൽ തുറന്നു വിട്ടിരുന്നു. 1952-ൽ രാജ്യത്ത് വംശനാശം സംഭവിച്ചതായി പ്രഖ്യാപിച്ച് 70 വർഷങ്ങൾക്ക് ശേഷമാണ് ചീറ്റ ഇന്ത്യയിൽ തിരിച്ചെത്തിയത്.

Leave a Reply

Your email address will not be published.