ചീറ്റകൾ കളത്തിലിറങ്ങി, ഇന്ത്യൻ മണ്ണിലെ ആദ്യ വേട്ട; ചരിത്രം
നമീബിയയിൽ നിന്ന് കൊണ്ടുവന്ന് മദ്ധ്യപ്രദേശ് കുനോ നാഷണൽ പാർക്കിൽ ക്വാറന്റെെൻ ചെയ്തിരുന്ന എട്ട് ചീറ്റകളിൽ രണ്ട് ചീറ്റകളെ തുറന്നുവിട്ടു. ശനിയാഴ്ച വൈകുന്നേരമാണ് പാർക്കിലെ ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ ചീറ്റകൾക്ക് പുതിയ സ്ഥലംമാറ്റം നൽകിയത്. ഇപ്പോൾ ഇതാ തുറന്ന് വിട്ട് 24 മണിക്കൂറിനുള്ളിൽ ആദ്യ ഇരയെ വേട്ടയാടി ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് രണ്ട് ആൺ ചീറ്റകള്‍.
ക്വാറന്റെെൻ മേഖലയിൽ നിന്ന് ശനിയാഴ്‌ചയാണ് രണ്ട് ചീറ്റകളെയും 98 ഹെക്‌ടറിൽ വ്യാപിച്ചു കിടക്കുന്ന വലിയ പ്രദേശത്തേക്ക് തുറന്നുവിട്ടത്. ഞായറാഴ്ച രാത്രിയോ തിങ്കളാഴ്ച പുലർച്ചെയോ ചീറ്റകൾ വേട്ടയാടിയതായാണ് റിപ്പോർട്ട്. ഒരു പുള്ളിമാനെ വേട്ടയാടി രണ്ട് മണിക്കൂറിനുള്ളിൽ തന്നെ ചീറ്റകൾ ഭക്ഷിച്ചു. സെപ്റ്റംബർ പകുതിയോടെ നമീബിയയിൽ നിന്ന് ഇന്ത്യയിലെത്തിച്ച ശേഷമുള്ള ആദ്യ ഇരപിടിക്കലാണ് ഇത്.
ഇതോടെ ചീറ്റകളുടെ ഇരപിടിക്കാനുള്ള ശേഷിയെ കുറിച്ചുള്ള കുനോ നാഷണൽ പാർക്ക് അധികൃതരുടെ ആശങ്കകളും ഇല്ലാതായി. വന്യമൃഗങ്ങളെ ഒരു രാജ്യത്ത് നിന്ന് മാറ്റൊരു രാജ്യത്തേക്ക് മാറ്റുന്നതിന് മുമ്പും ശേഷവും ഒരു മാസം ക്വാറന്റെെനിൽ കഴിയണമെന്നാണ്. മറ്റ് ചീറ്റകളെയും ഉടൻതന്നെ ഘട്ടംഘട്ടമായി തുറന്നുവിടുമെന്ന് ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ഉത്തം കുമാർ ശർമ പറഞ്ഞു. അണുബാധ ഉണ്ടാവാതിരിക്കാനാണ് ഇത്. അഞ്ച് പെൺചീറ്റകൾ അടക്കം എട്ട് ചീറ്റകളെയാണ് സെപ്റ്റംബർ 17ന് ഇന്ത്യയിലെത്തിച്ചത്.