ചീറ്റകളെ ജനങ്ങൾക്ക് എപ്പോൾ കാണാം?; മറുപടി നൽകി പ്രധാനമന്ത്രി
ഏഴ് പതിറ്റാണ്ടുകള്‍ക്ക് ശേഷം ഇന്ത്യന്‍ മണ്ണിൽ എത്തിയ ചീറ്റകളെ പൊതുജനങ്ങൾക്ക് എപ്പോൾ മുതലാണ് കാണാനാവുക എന്ന ചോദ്യത്തിന് മറുപടി നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിലെത്തിച്ച ചീറ്റകളെ നിരീക്ഷിക്കാൻ നിയോഗിച്ച ടാസ്ക് ഫോഴ്സിന്റെ ശുപാർശ അനുസരിച്ച് ഇക്കാര്യം തീരുമാനിക്കാമെന്നാണ് പ്രധാനമന്ത്രിയുടെ മറുപടി.
”സുഹൃത്തുക്കളേ, ഒരു ടാസ്ക് ഫോഴ്സ് രൂപീകരിച്ചിട്ടുണ്ട്. ചീറ്റകൾ ഇവിടുത്തെ സാഹചര്യങ്ങളുമായി എത്രത്തോളം ഇണങ്ങിയെന്ന് അവർ നീരീക്ഷിക്കും. ഇതിന്റെ അടിസ്ഥാനത്തിലാണ് കുറച്ചുമാസങ്ങൾക്കുള്ളിൽ നിങ്ങൾക്ക് ചീറ്റകളെ കാണാനാവുക.
ഇന്ത്യയിലേക്ക് ചീറ്റകൾ മടങ്ങിയെത്തിയതിൽ രാജ്യമെമ്പാടും നിന്ന് ജനങ്ങൾ സന്തോഷം അറിയിച്ചതിൽ അതിയായ ആശ്ചര്യമുണ്ട്. 130 കോടി ഇന്ത്യക്കാരും സന്തോഷത്തിലാണ്, അഭിമാനത്തിലാണ്. ഇതാണ് ഇന്ത്യക്ക് പ്രകൃതിയോടുള്ള സ്നേഹം.”. – പ്രധാനമന്ത്രി പറഞ്ഞു.
അതേസമയം നമീബിയയില്‍ നിന്ന് ഇന്ത്യന്‍ മണ്ണിലെത്തിച്ച ചീറ്റപ്പുലികള്‍ക്ക് പേര് നിര്‍ദേശിക്കണമെന്ന് നരേന്ദ്രമോദി പറഞ്ഞിരുന്നു .രാജ്യത്തിൻ്റെ സംസ്കാരത്തോട് ചേർന്നു നിൽക്കുന്ന പേരായിരിക്കണം നിർദേശിക്കുന്നത്. മൃഗങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണം എന്നതിനെ പറ്റിയും നിർദേശങ്ങൾ നൽകാം.മൃഗങ്ങളെ ബഹുമാനിക്കേണ്ടത് നമ്മുടെ കടമയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ദേഹത്തിന്‍റെ ജന്മദിനമായ സെപ്റ്റംബര്‍ 17ന് എട്ട് ചീറ്റപ്പുലികളെയാണ്
മധ്യപ്രദേശിലെ കുനോ നാഷണല്‍ പാര്‍ക്കില്‍ തുറന്നുവിട്ടത്. ഒരുമാസം പ്രത്യേകം സജ്ജമാക്കിയ പ്രദേശത്തെ ക്വാറന്‍റീന് ശേഷമാകും ചീറ്റകളെ കുനോ നാഷണല്‍ പാർക്കിലേക്ക് സ്വൈര്യ വിഹാരത്തിന് വിടുക. അഞ്ച് പെണ്ണ് ചീറ്റപ്പുലികളും മൂന്ന് ആണ്‍ ചീറ്റപ്പുലികളുമാണ് ഇന്ത്യയിലെത്തിയത്. രണ്ട് വയസ് മുതൽ ആറ് വയസ് വരെ പ്രായമുള്ള ചീറ്റകളാണ് ഇവ.