Friday, April 11, 2025
World

ബംഗ്ലാദേശിൽ വൻ അപകടം: ബസ് മറിഞ്ഞ് 17 പേർ മരിച്ചു, 35 പേർക്ക് പരിക്ക്

ബംഗ്ലാദേശിൽ വൻ വാഹനാപകടം. ബസ് കുളത്തിലേക്ക് മറിഞ്ഞ് മൂന്ന് കുട്ടികളടക്കം 17 പേർ മരിച്ചു. ജലകത്തി സദർ ഉപസിലയുടെ കീഴിലുള്ള ഛത്രകണ്ഡ മേഖലയിലാണ് അപകടമുണ്ടായത്. സംഭവത്തിൽ 35 പേർക്ക് പരിക്കേറ്റതായും ‘ഡെയ്‌ലി സ്റ്റാർ’ റിപ്പോർട്ട് ചെയ്യുന്നു.

അറുപതിലധികം യാത്രക്കാരുമായി പിറോജ്പൂരിലെ ഭണ്ഡാരിയയിൽ നിന്ന് രാവിലെ 9:00 ഓടെ പുറപ്പെട്ട ബസ്, 10:00 മണിയോടെ ബാരിഷാൽ-ഖുൽന ഹൈവേയിലെ ഛത്രകണ്ടയിൽ റോഡരികിലെ കുളത്തിലേക്ക് മറിയുകയായിരുന്നു. ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് രക്ഷപ്പെട്ടവർ ആരോപിച്ചു. കഷ്ടിച്ച് 52 പേർക്ക് സഞ്ചരിക്കാവുന്ന ബസിൽ, അമിത യാത്രക്കാരെ കയറ്റിയതാണ് മറിയാനുള്ള കാരണമെന്നും ആരോപണമുണ്ട്.

പിറോജ്പൂരിലെ ഭണ്ഡാരിയ ഉപജിലയിലും ഝൽകാത്തിയിലെ രാജാപൂർ പ്രദേശത്തുമുള്ളവരാണ് മരിച്ചവരിൽ ഭൂരിഭാഗവും. 17 പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചതായി ബാരിഷാൽ ഡിവിഷണൽ കമ്മീഷണർ എംഡി ഷൗക്കത്ത് അലി സ്ഥിരീകരിച്ചു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അതേസമയം ബംഗ്ലാദേശിൽ ബസ് അപകടങ്ങൾ പതിവായിരിക്കുകയാണ്. റോഡ് സേഫ്റ്റി ഫൗണ്ടേഷന്റെ (ആർഎസ്എഫ്) കണക്കുകൾ പ്രകാരം ജൂണിൽ മാത്രം 559 റോഡപകടങ്ങളാണ് ഉണ്ടായത്. അപകടങ്ങളിൽ 562 പേർ മരിക്കുകയും 812 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *