ആന്ധ്രാപ്രദേശിൽ ബസ് കനാലിലേക്ക് മറിഞ്ഞ് 7 പേർ മരിച്ചു, 29 പേർക്ക് പരിക്ക്
ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയിൽ വൻ അപകടം. വിവാഹ ചടങ്ങിന് പോവുകയായിരുന്ന ബസ് കനാലിലേക്ക് മറിഞ്ഞ് ആറു വയസ്സുള്ള കുട്ടി ഉൾപ്പെടെ ഏഴുപേർ മരിച്ചു. ചൊവ്വാഴ്ച രാവിലെയായിരുന്നു അപകടം. അപകടത്തിൽ 29 പേർക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡി ദുഃഖം രേഖപ്പെടുത്തി.
ചൊവ്വാഴ്ച പുലർച്ചെ 47 യാത്രക്കാരുമായി പൊദിലിയിൽ നിന്ന് കാക്കിനടയിലേക്ക് പോകുകയായിരുന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത്. എതിരെ വന്ന വാഹനവുമായി കൂട്ടിയിടിക്കാതിരിക്കാൻ ശ്രമിക്കുന്നതിനിടെ ബസ് നിയന്ത്രണം വിട്ട് നാഗാർജുന സാഗർ കനാലിൽ പതിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.
ബസ് അപകടത്തിൽ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ.എസ് ജഗൻ മോഹൻ റെഡ്ഡി നടുക്കം രേഖപ്പെടുത്തി. അപകടത്തിൽ പരിക്കേറ്റവർക്ക് മെച്ചപ്പെട്ട വൈദ്യസഹായം ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.