ബാത്ത്റൂം ഉപയോഗിക്കാൻ അനുവദിച്ചില്ല, വിമാനത്തിന്റെ തറയിൽ മൂത്രമൊഴിച്ച് യുവതി
വിമാനയാത്രയ്ക്കിടെ യാത്രക്കാരുടെ മോശം പെരുമാറ്റം ഒരു നിത്യസംഭവമായി മാറിയിരിക്കുകയാണ്. ജീവനക്കാർക്കുനേരെയുള്ള ആക്രമണങ്ങൾ മുതൽ സഹയാത്രികർക്ക് നേരെ മൂത്രമൊഴിച്ച സംഭവങ്ങൾ വരെ അടുത്തിടെ വാർത്തകളിൽ നിറഞ്ഞിരുന്നു. ഇപ്പോഴിതാ മറ്റൊരു വിചിത്ര സംഭവം കൂടി പുറത്ത് വന്നിരിക്കുകയാണ്. ബാത്ത്റൂം ഉപയോഗിക്കാൻ അനുവദിച്ചില്ലെന്ന് അവകാശപ്പെട്ട് ഒരു സ്ത്രീ വിമാനത്തിന് നടുവിൽ തറയിൽ മൂത്രമൊഴിച്ചുവെന്ന വാർത്തയാണ് ‘വ്യൂ ഫ്രം ദി വിംഗ്’ റിപ്പോർട്ട് ചെയ്യുന്നത്.
ഈ മാസം 20ന് അമേരിക്ക ആസ്ഥാനമായുള്ള ‘സ്പിരിറ്റ് എയർലൈൻസ്’ വിമാനത്തിലാണ് സംഭവം. വിമാനം പറന്നുയർന്ന് മണിക്കൂറുകൾ പിന്നിട്ടിട്ടും ബാത്ത്റൂം ഉപയോഗിക്കാൻ അനുവദിച്ചില്ലെന്നാണ് ആഫ്രിക്കൻ-അമേരിക്കൻ യുവതി അവകാശപ്പെടുന്നത്. രണ്ട് മണിക്കൂറിലധികം കാത്തിരുന്നിട്ടും ബാത്ത്റൂം തുറന്നു നൽകിയില്ല. അധികനേരം പിടിച്ചുനിൽക്കാൻ പറ്റാത്തതിനാലാണ് വിമാനത്തിന്റെ തറയിൽ തന്നെ മൂത്രമൊഴിച്ചതെന്ന് യുവതി പറഞ്ഞതായി ‘വ്യൂ ഫ്രം ദി വിംഗ്’ റിപ്പോർട്ട് ചെയ്തു.
സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഹ്രസ്വ ക്ലിപ്പിൽ, യുവതി വിമാനത്തിന്റെ തറയിൽ ഇരിക്കുന്നതും ജീവനക്കാരുമായി തർക്കിക്കുന്നതും കാണാം. അതേസമയം, വിഷയത്തിൽ സ്പിരിറ്റ് എയർലൈൻസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.