Monday, January 6, 2025
National

ലുഡോ കളിക്കാൻ പണമില്ല, സ്വയം പണയപ്പെടുത്തി യുവതി

മഹാഭാരതത്തിൽ പാണ്ഡവർ ദ്രൗപതിയെ പണയപ്പെടുത്തിയ കഥ നമ്മൾ പലതവണ കേട്ടിട്ടുണ്ട്. പക്ഷേ മൊബൈൽ ഗെയിം ആസക്തിയെ തുടർന്ന് വാതുവെയ്ക്കാൻ പണമില്ലാത്തതിനാൽ സ്വയം പണയപ്പെടുത്തിയ ഒരു സ്ത്രീയുടെ വാർത്തയാണ് ഉത്തർപ്രദേശിൽ നിന്നും പുറത്തുവരുന്നത്. നഗർ കോട്‌വാലിയിലെ ദേവ്കാലി പ്രദേശത്താണ് സംഭവം റിപ്പോർട്ട് ചെയ്തത്.

ലുഡോ ഗെയിമിന് അടിമയായിരുന്നു യുവതി. പ്രതാപ്ഗഡിലെ ദേവ്കാലിയിലെ വാടക വീട്ടിലാണ് താമസം. രാജസ്ഥാനിലെ ജയ്പൂരിൽ ജോലി ചെയ്യുന്ന ഭർത്താവ് അയക്കുന്ന പണം ഉപയോഗിച്ചാണ് രേണു ലുഡോ കളിച്ചിരുന്നത്. വീട്ടുടമസ്ഥനൊപ്പം സ്ഥിരമായി ലുഡോ കളിച്ചിരുന്നു. പന്തയം വെയ്ക്കാൻ പണം ഇല്ലാതെ വന്നതോടെ യുവതി സ്വയം പണയപ്പെടുത്തി.

പന്തയത്തിൽ വീട്ടുടമസ്ഥൻ വിജയിച്ചത്തോടെ യുവതി അയാൾക്കൊപ്പം ജീവിക്കാൻ നിർബന്ധിതയായി. മറ്റ് വഴികൾ ഇല്ലാതെ വന്നതോടെ യുവതി ഭർത്താവിനെ വിളിച്ച് സംഭവം മുഴുവൻ വിവരിച്ചു. പിന്നാലെ ഭർത്താവ് പ്രതാപ്ഗഢിൽ എത്തി പൊലീസിൽ പരാതി നൽകി. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ അദ്ദേഹം പോസ്റ്റ് ചെയ്ത സംഭവം ഇപ്പോൾ വൈറലായിരിക്കുകയാണ്.

ദമ്പതികൾക്ക് രണ്ട് കുട്ടികളുണ്ട്. യുവതി ഇപ്പോൾ വീട്ടുടമയ്‌ക്കൊപ്പം താമസം തുടങ്ങിയെന്നാണ് ഭർത്താവ് പറയുന്നത്. ഇയാളുമായി ബന്ധപ്പെടാൻ ശ്രമിക്കുകയാണെന്നും അന്വേഷണം നടക്കുകയാണെന്നും സുബോധ് ഗൗതം എന്ന പൊലീസ് ഉദ്യോഗസ്ഥൻ ഇന്ത്യ ടുഡേയോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *