Monday, January 6, 2025
Kerala

മുതലപ്പൊഴിൽ വീണ്ടും മത്സ്യബന്ധനവള്ളം മറിഞ്ഞ് അപകടം; മുതലപ്പൊഴി ഉപേക്ഷിക്കാനുള്ള ആലോചനയിൽ മത്സ്യത്തൊഴിലാളികൾ

മുതലപ്പൊഴിൽ തുടർച്ചയായ രണ്ടാംദിവസവും മത്സ്യബന്ധനവള്ളം മറിഞ്ഞ് അപകടം. മത്സ്യബന്ധനത്തിന് പോയി തിരികെ വന്ന വള്ളം ശക്തമായ തിരയിൽ പെട്ട് മറിയുകയായിരുന്നു. കടലിൽ വീണ ഒരു മത്സ്യത്തൊഴിലാളിയെ രക്ഷപ്പെടുത്തി. അപകടങ്ങൾ പതിവായതോടെ മുതലപ്പൊഴി ഉപേക്ഷിക്കാനുള്ള ആലോചനയിലാണ് മത്സ്യത്തൊഴിലാളികൾ.

രണ്ട് മാസത്തിനിടെ മുതലപ്പൊഴിയിൽ ഇത് പതിമൂന്നാമത്തെ അപകടമാണ്. രാവിലെ പത്തുമണിയോടെ, മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങിയെത്തിയ വള്ളം പൊഴിയിലെ തിരയിൽ പെട്ട് മറിഞ്ഞു. വള്ളത്തിലുണ്ടായിരുന്ന നാല് മത്സ്യത്തൊഴിലാളികളിൽ പുതുക്കുറുച്ചി സ്വദേശി ബിജു കടലിൽ വീണു. അതേ വള്ളത്തിൽ തന്നെ ബിജു കയറിപ്പറ്റി. പിന്നാലെ ഫിഷറീസ് റെസ്‌ക്യൂ സ്വാകഡിൻറെ നേതൃത്വത്തിൽ ബിജുവിനെ മറ്റൊരു വള്ളത്തിൽ കരയിലെത്തിച്ചു. ബിജുവിന് പരിക്കുകളില്ല.

മുതലപ്പൊഴി സംഘർഷത്തിന് പിന്നാലെ പ്രശ്‌നപരിഹാരത്തിനായി നടത്തിയ രാഷ്ട്രീയ ഇടപെടലുകൾ പ്രഹസനമെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആരോപണം. അപകടം പതിവായതോടെ മുതലപ്പൊഴി ഉപേക്ഷിച്ച് വിഴിഞ്ഞം, നീണ്ടകര ഹാർബറുകൾ വഴി വള്ളമിറക്കാനാണ് മത്സ്യത്തൊഴിലാളികളുടെ ആലോചന. അതിനിടെ പൊഴിയിലെ ഡ്രഡ്ജിങ്ങ് സംബന്ധിച്ച് അദാനി ഗ്രൂപ്പുമായി ഉടൻ മന്ത്രിതല സംഘം ചർച്ച നടത്തും.

Leave a Reply

Your email address will not be published. Required fields are marked *