പൂർണ്ണ ഗർഭിണിയോട് ക്രൂരത; ചികിത്സ ലഭിക്കാതെ ആശുപത്രി തറയിൽ കുഞ്ഞിന് ജന്മം നൽകി യുവതി
പഞ്ചാബിൽ പൂർണ്ണ ഗർഭിണിയോട് ആശുപത്രി ജീവനക്കാരുടെ കൊടും ക്രൂരത. പ്രസവ വേദനയുമായി എത്തിയ യുവതിക്ക് ലേബർ റൂമിൽ പ്രവേശനം നിഷേധിച്ചു. 38 കാരി ആശുപത്രി വരാന്തയിൽ കുഞ്ഞിന് ജന്മം നൽകി. സംഭവത്തിൻ്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ കടുത്ത പ്രതിഷേധം ഉയർന്നു. വിഷയത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
പത്താൻകോട്ട് സിവിൽ ആശുപത്രിയിലാണ് പൂർണ്ണ ഗർഭിണിയായ യുവതിക്ക് ക്രൂരമായ അവഗണന നേരിട്ടത്. പ്രസവ വേദനയുമായി എത്തിയ സീതാ ദേവിക്ക് ലേബർ റൂമിൽ പ്രവേശനം നൽകാൻ ആശുപത്രി ജീവനക്കാർ വിസമ്മതിച്ചു. വേദനകൊണ്ട് പിടഞ്ഞ യുവതി ആശുപത്രി വരാന്തയിൽ കിടന്ന് പെൺ കുഞ്ഞിന് ജന്മം നൽകി. നിലവിൽ അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.
ചൊവ്വാഴ്ച രാത്രി പ്രസവവേദനയെ തുടർന്ന് ഭാര്യയെ 108 ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവനക്കാർ അഡ്മിറ്റ് ചെയ്തില്ലെന്നും അമൃത്‌സർ ആശുപത്രിയിലേക്ക് റഫർ ചെയ്തെന്നും യുവതിയുടെ ഭർത്താവ് ആരോപിച്ചു. എന്നാൽ യുവതിയോട് മുൻ ചികിത്സ രേഖകൾ ആവശ്യപ്പെട്ടപ്പോൾ സഹകരിക്കാൻ വിസമ്മതിച്ചു എന്നും, ലേബർ റൂമിലേക്ക് വിളിച്ചെങ്കിലും വരാൻ കൂട്ടാക്കിയില്ല എന്നുമാണ് ഡോക്ടർമാരുടെ വിശദീകരണം.
സംഭവം വിവാദമായതോടെ ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അജോയ് ശർമ അന്വേഷണത്തിന് ഉത്തരവിട്ടു. സീനിയർ മെഡിക്കൽ ഓഫീസർ സുനിൽ ചന്ദിന് കാരണം കാണിക്കൽ നോട്ടീസ് നൽകി. മുമ്പും സിവിൽ ഹോസ്പിറ്റലിൽ രാത്രിയിൽ ഗർഭിണികളെ പ്രവേശിപ്പിക്കാത്ത വാർത്തകൾ പുറത്തു വന്നിട്ടുണ്ട്.