Monday, January 6, 2025
Kerala

സ്ഥാനാർത്ഥി ഉമ്മൻചാണ്ടിയുടെ കുടുംബത്തിൽ നിന്ന്; മകനോ മകളോയെന്ന് കുടുംബം തീരുമാനിക്കട്ടെ: സുധാകരൻ

കോട്ടയം : മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മരണത്തിനെ തുടർന്ന് ഒഴിവ് വന്ന പുതുപള്ളി മണ്ഡലത്തിൽ, ഉമ്മൻചാണ്ടിയുടെ കുടുംബത്തിൽ നിന്നുള്ള ആൾ തന്നെ സ്ഥാനാർത്ഥിയാകുമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ഉമ്മൻചാണ്ടിയുടെ കുടുംബത്തിന് പുറത്തു നിന്നുള്ളവരെ സ്ഥാനാർത്ഥിയാക്കില്ല. ആരാകണമെന്ന കാര്യത്തിൽ കുടുംബത്തിന്റെ തീരുമാനം പ്രധാനമാണെന്നും കുടുംബം പറയുന്ന പേര് പാർട്ടി അംഗീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഉമ്മൻചാണ്ടിയുടെ മകനാണോ മകളാണോ പിൻഗാമിയാകുകയെന്ന ചോദ്യത്തിന്, സ്ഥാനാർത്ഥി ആരാകണമെന്ന കാര്യത്തിൽ കുടുംബത്തിന്റെ തീരുമാനം പ്രധാനമാണെന്നായിരുന്നു കെപിസിസി അധ്യക്ഷന്റെ മറുപടി.

അതേ സമയം,പുതുപള്ളി ഉപതെരഞ്ഞെടുപ്പിൽ രാഷ്ട്രീയം ആവശ്യമുണ്ടൊ എന്ന് എല്ലാ പാർട്ടിക്കാരും ചിന്തിക്കണമെന്ന് കെ.സുധാകരൻ ആവശ്യപ്പെട്ടു. ഉമ്മൻചാണ്ടിയോട് ആദരവും ബഹുമാനവും ഉണ്ടെങ്കിൽ മത്സരം ഒഴിവാക്കണം. മറ്റ് പാർട്ടികൾ സ്ഥാനാർത്ഥികളെ നിർത്തരുത്. ഭരണപക്ഷവും ബിജെപിയും മത്സരം ഒഴിവാക്കാനുള്ള ഔചിത്യം കാണിക്കണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.

ഉമ്മൻചാണ്ടിയോടുള്ള ആദരവ് കണക്കിലെടുത്ത് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ മത്സരം ഒഴിവാക്കാനുള്ള ഔചിത്യം എൽഡിഎഫ് കാണിക്കണമെന്നാണ് കോൺഗ്രസ് ആവശ്യപ്പെടുന്നത്. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ചർച്ചകൾ സജീവമാകുമ്പോഴാണ് ഇടതിനെ കുഴക്കി കെപിസിസി പ്രസിഡണ്ട് കെ സുധാകരൻറെ നീക്കം. ഉമ്മൻചാണ്ടിയോടുള്ള ആദരവ് കണക്കിലെടുത്ത് എതിരാളികളെ നിർത്താതിരിക്കാനുള്ള ഔചിത്യം കാണിക്കണമെന്നാണ് അഭിപ്രായം. ആവശ്യം മുന്നോട്ട് വെക്കാതെ കണ്ടറിഞ്ഞ് ചെയ്യണമെന്ന നിലപാട് എൽഡിഎഫിനെ സമ്മർദ്ദത്തിലാക്കുന്നു. ഉമ്മൻചാണ്ടിയുടെ മരണത്തിന് പിന്നാലെ ചേർന്ന സിപിഎം സെക്രട്ടറിയേറ്റ് യോഗമാകട്ടെ ഉപതരെഞ്ഞെടുപ്പ് നേരിടാനുള്ള തയ്യാറെടുപ്പുകളിലേക്ക് കടക്കാൻ തീരുമാനമെടുത്തതാണ്. ആദരവ് വേറെ , രാഷ്ട്രീയമത്സരം വേറെ എന്ന നിലയ്ക്ക് സുധാകരൻറെ ആവശ്യം തള്ളാൻ തന്നെയാകും ഇടത് തീരുമാനം. സുധാകരന്റെ നിലപാട് അരാഷ്ട്രീയമാണെന്നും കോൺഗ്രസ് അങ്ങിനെ ചെയ്ത പാരമ്പര്യം പറയാമോ എന്നാണ് ഇപി ജയരാജന്റെ തിരിച്ചുള്ള ചോദ്യം.

Leave a Reply

Your email address will not be published. Required fields are marked *