Friday, January 10, 2025
World

തായ്‌ലന്‍ഡ് ഉള്‍ക്കടലില്‍ യുദ്ധക്കപ്പല്‍ മുങ്ങി; 31 നാവികരെ കാണാതായി

തായ്‌ലന്‍ഡില്‍ യുദ്ധക്കപ്പല്‍ മുങ്ങി 31 നാവികരെ കാണാതായെന്ന് റിപ്പോര്‍ട്ട്. നൂറിലധികം നാവികരുമായി പോയ കപ്പല്‍ ഉള്‍ക്കടലില്‍ വച്ച് കൊടുങ്കാറ്റില്‍പ്പെടുകയായിരുന്നെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. എച്ച്ടിഎംഎഎസ് സുഖോത്തായി എന്ന കപ്പലാണ് മുങ്ങിയത്. 75 പേരെ രക്ഷപെടുത്തിയെന്നും 31 പേരെ കണ്ടെത്താനുണ്ടെന്നും അധികൃതര്‍ അറിയിച്ചു. അപകടം നടന്നിട്ട് 12 മണിക്കൂറിലേറെയായെന്നും രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും നാവികസേനാ വക്താന് ബിബിസിയോട് പറഞ്ഞു.

കപ്പലില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് മുങ്ങുകയായിരുന്നെന്നും വൈദ്യുതി പെട്ടന്ന് നിലച്ചെന്നും അഡ്മിറല്‍ പോഗ്‌ക്രോംഗ് മൊണ്ടാര്‍ഡ്പാലി പറഞ്ഞു. സേനയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു ദുരന്തം ഉണ്ടാകുന്നത്. ഇപ്പോഴും സജീവമായി പ്രവര്‍ത്തിക്കുന്ന യുദ്ധക്കപ്പലാണ് കൊടുങ്കാറ്റിനെ തുടര്‍ന്ന് മുങ്ങിയത്. മുങ്ങുന്നതിന് മുമ്പ് കപ്പലിന്റെ നിയന്ത്രണം നഷ്ടമാകാതിരിക്കാന്‍ ജീവനക്കാര്‍ പരമാവധി ശ്രമിച്ചുവെന്നും അദ്ദേഹം പറഞ്ഞു. പ്രചുവാപ് ഖിരി ഖാന്‍ പ്രവിശ്യയിലെ ബാങ് സഫാനില്‍ നിന്ന് 32 കിലോമീറ്റര്‍ പടിഞ്ഞാറ് പട്രോളിംഗ് നടത്തുകയായിരുന്നു കപ്പല്‍. സംഭവത്തെ കുറിച്ച് തായ് നാവിക സേനയുടെ ട്വിറ്റര്‍ അക്കൗണ്ട് പോസ്റ്റ് ചെയ്തിട്ടുണ്ട്.

വെള്ളം കയറി തുടങ്ങിയപ്പോള്‍ തന്നെ മൂന്ന് നാവിക കപ്പലുകളും ഹെലികോപ്റ്ററുകളും രക്ഷാപ്രവര്‍ത്തനത്തിന് പുറപ്പെട്ടിരുന്നു. 1980കളില്‍ യുഎസിലെ തായ് നാവികസേനയ്ക്ക് വേണ്ടിയാണ് എച്ച്ടിഎംഎസ് സുഖോത്തായി നിര്‍മ്മിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *