തായ്‌ലൻഡിൽ ഡേ കെയർ സെന്ററിൽ വെടിവെപ്പ്; പിഞ്ചുകുട്ടികളടക്കം 31 പേർ കൊല്ലപ്പെട്ടു
ബാങ്കോക്ക്: തായ്‌ലൻഡിലെ വടക്കുകിഴക്കൻ പ്രവിശ്യയിലെ കുട്ടികളുടെ ഡേ കെയർ സെന്ററിലുണ്ടായ വെടിവയ്പിൽ കുട്ടികളടക്കം 31 പേർ കൊല്ലപ്പെട്ടു. വ്യാഴാഴ്ച ഉച്ചയോടെയാണ് ആക്രമണമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. നിരവധി പേർക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരിൽ കുട്ടികളും മുതിർന്നവരും ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് വക്താവ് സ്ഥിരീകരിച്ചു. മുൻ പൊലീസ് ഉദ്യോഗസ്ഥനാണ് വെടിവെപ്പ് നടത്തിയതെന്നും ഇയാൾക്കായി തിരച്ചിൽ ഊർജിതമാക്കിയെന്നും പൊലീസ് പ്രസ്താവനയിൽ പറഞ്ഞു. വെടിവെപ്പിന്റെ കാരണം വ്യക്തമല്ല. കുറ്റവാളിയെ ഉടൻ പിടികൂടാൻ പ്രധാനമന്ത്രി നിർദേശം നൽകിയതായി സർക്കാർ വക്താവ് പറഞ്ഞു. 2020-ൽ, സൈനികൻ കുറഞ്ഞത് 29 പേരെ വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു. തായ്‌ലൻഡിൽ തോക്ക് കൈവശം വയ്ക്കുന്നവരുടെ എണ്ണം വളരെ കൂടുതലാണ്.