കാനഡയിൽ സ്പാനിഷ് മത്സ്യബന്ധനബോട്ട് മുങ്ങി 10 പേർ മരിച്ചു; 11 പേരെ കാണാതായി
കാനഡയുടെ കിഴക്കൻ തീരത്ത് സ്പാനിഷ് മത്സ്യബന്ധനബോട്ട് മുങ്ങി 10 പേർ മരിച്ചു. പതിനൊന്നുപേരെ കാണാതായി. മൂന്നുപേരെ രക്ഷിച്ചതായി കാനഡ ജോയിന്റ് റെസ്‌ക്യു കോ ഓർഡിനേഷൻ സെന്റർ അറിയിച്ചു.ചൊവ്വാഴ്ചയാണ് അപകടമുണ്ടായത്.
മോശം കാലാവസ്ഥ കാരണം കൂടുതൽ രക്ഷപ്പെട്ടവരെ കണ്ടെത്താനുള്ള സാധ്യത കുറയുമെന്ന് അധികൃതർ അറിയിച്ചു. ന്യൂഫൗണ്ട്ലാൻഡിന് കിഴക്ക് 250 നോട്ടിക്കൽ മൈൽ കിഴക്കാണ് ബോട്ട് മുങ്ങിയത്. വടക്കുപടിഞ്ഞാറൻ സ്പെയിനിലെ ഗലീഷ്യ മേഖലയിൽ നിന്ന് പ്രവർത്തിക്കുന്ന വില്ല ഡി പിറ്റാൻക്സോ എന്ന മത്സ്യബന്ധന ബോട്ടിൽ 24 ജീവനക്കാരായിരുന്നുണ്ടായത്. 16 സ്പാനിഷ് പൗരന്മാരും അഞ്ച് പെറുവിയക്കാരും മൂന്ന് ഘാനക്കാരുമാണ് ബോട്ടിലുണ്ടായിരുന്നതെന്ന് സ്പെയിനിന്റെ ഗതാഗത മന്ത്രാലയം അറിയിച്ചു.രക്ഷപ്പെട്ടവരില്‍ കപ്പലിന്റെ 53 കാരനായ ക്യാപ്റ്റനും 42 കാരനായ മരുമകനും ഉള്‍പ്പെടുന്നുവെന്ന് ലാ വോസ് ഡി ഗലീസിയ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ടുപേരും അവരുടെ കുടുംബാംഗങ്ങളെ ഫോണില്‍ ബന്ധപ്പെട്ടതായി പത്രം റിപ്പോര്‍ട്ട് ചെയ്തു.
രക്ഷപ്പെട്ടവരെ കനേഡിയൻ കോസ്റ്റ് ഗാർഡ് ഹെലികോപ്ടർ വഴി സുരക്ഷിത സ്ഥാനത്തേക്ക് കയറ്റിവിട്ടിട്ടുണ്ട്. ബോട്ട് മറിയാനുള്ള കാരണം എന്താണെന്ന് ഇനിയും തിരിച്ചറിഞ്ഞിട്ടില്ല.