Wednesday, April 16, 2025
World

തുർക്കി ഭൂകമ്പം: മുൻ ചെൽസി താരം ക്രിസ്റ്റ്യൻ അറ്റ്സു മരിച്ച നിലയിൽ

തുർക്കി ഭൂകമ്പത്തെ തുടർന്ന് ദിവസങ്ങളോളം കാണാതായ ചെൽസി, ന്യൂകാസിൽ യുണൈറ്റഡ് മുൻ ഫോർവേഡ് താരം ക്രിസ്റ്റ്യൻ അറ്റ്‌സുവിനെ മരിച്ച നിലയിൽ കണ്ടെത്തി. 12 ദിവസത്തെ തെരച്ചിലിന് ഒടുവിൽ അറ്റ്സുവിന്റെ മൃതദേഹം അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് പുറത്തെടുത്തതായി അദ്ദേഹത്തിന്റെ ഏജന്റ് സ്ഥിരീകരിച്ചു.

“ക്രിസ്റ്റ്യൻ അറ്റ്സുവിന്റെ മൃതദേഹം ഇന്ന് രാവിലെ കണ്ടെടുത്തതായി എല്ലാവരെയും അറിയിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിനും പ്രിയപ്പെട്ടവർക്കും എന്റെ അഗാധമായ അനുശോചനം അറിയിക്കുന്നു. എല്ലാവരുടെയും പ്രാർത്ഥനയ്ക്കും പിന്തുണയ്ക്കും നന്ദി പറയാൻ ഈ അവസരത്തിൽ ഞാൻ ആഗ്രഹിക്കുന്നു”- അദ്ദേഹത്തിന്റെ ഏജന്റ് നാനാ സെച്ചെരെ ട്വീറ്റ് ചെയ്തു.

താരം താമസിച്ചിരുന്ന തെക്കൻ തുർക്കിയിലെ ഹതായിലിലുള്ള കെട്ടിടം ഭൂകമ്പത്തിൽ തകർന്നത് മുതൽ 31 കാരനായ അറ്റ്‌സുവിനെ കാണാതായിരുന്നു. അപകടം നടക്കുമ്പോൾ ഒരു അപാർട്മെന്റിന്റെ 12 ആം നിലയിൽ ആയിരുന്നു അറ്റ്സു എന്നാണ് റിപ്പോട്ടുകൾ. പരുക്കുകളോടെ താരത്തെ രക്ഷിച്ചതായി അദ്ദേഹത്തിന്റെ ക്ലബ് ഹറ്റെയ്‌സ്‌പോർ ആദ്യം അറിയിച്ചിരുന്നെങ്കിലും പിന്നീട് തിരുത്തി.

കഴിഞ്ഞ സീസൺ അവസാനം ആണ് അറ്റ്സു തുർക്കിയിൽ എത്തുന്നത്. അപകടം നടന്നതിന് തൊട്ടു മുമ്പത്തെ ദിവസം അദ്ദേഹം തന്റെ ക്ലബിനായി വിജയ ഗോൾ നേടിയിരുന്നു. ഇംഗ്ലീഷ് ക്ലബ്ബുകളായ ചെൽസിക്കും ന്യൂകാസിൽ യുണൈറ്റഡിനായും മുമ്പ് കളിച്ചിട്ടുള്ള അറ്റ്സു മുൻ ഘാന അന്താരാഷ്ട്ര താരവുമാണ്.

Leave a Reply

Your email address will not be published. Required fields are marked *