തുർക്കി ഭൂകമ്പം: കാണാതായ ഇന്ത്യക്കാരന്റെ മൃതദേഹം കണ്ടെത്തി, തിരിച്ചറിഞ്ഞത് ടാറ്റൂ കണ്ട്
തുർക്കി ഭൂകമ്പത്തിൽ കുടുങ്ങിയ ഇന്ത്യക്കാരന്റെ മൃതദേഹം കണ്ടെത്തി. ഉത്തരാഖണ്ഡ് സ്വദേശി വിജയ് കുമാറിന്റെ(35) മൃതദേഹമാണ് ശനിയാഴ്ച പുലർച്ചെ കിഴക്കൻ അനറ്റോലിയയിലെ മലത്യ നഗരത്തിൽ തകർന്ന 24 നിലകളുള്ള ഹോട്ടലിന്റെ അവശിഷ്ടങ്ങൾക്കടിയിൽ നിന്നും കണ്ടെത്തിയത്. ഇടതുകൈയിൽ പതിച്ചിരുന്ന ടാറ്റൂ തിരിച്ചറിഞ്ഞാണ് കുടുംബാംഗങ്ങൾ മൃതദേഹം തിരിച്ചറിഞ്ഞത്.
ബെംഗളൂരുവിലെ പീന്യ കേന്ദ്രീകരിച്ചുള്ള ഓക്സിപ്ലാൻ്റ്സ് ഇന്ത്യയിലെ ഗ്യാസ് പൈപ്പ്ലൈൻ ഇൻസ്റ്റലേഷൻ എൻജിനീയറായ വിജയ് കുമാർ ജനുവരി 23 നാണ് പ്രോജക്ട് വർക്കിൻ്റെ ഭാഗമായി തുർക്കിയിൽ എത്തിയത്. മലത്യയിലെ ഫോർ സ്റ്റാർ ഹോട്ടലായ അവ്സറിലെ രണ്ടാം നിലയിലുള്ള മുറിയിലാണ് വിജയ് കുമാർ താമസിച്ചിരുന്നത്. ഭൂചലനം ഉണ്ടായ തിങ്കളാഴ്ച മുതൽ വിജയ് കുമാറിനെ കുറിച്ചു വിവരം ഉണ്ടായിരുന്നില്ല. തുടർന്നു നടത്തിയ തെരച്ചിലിൽ അഞ്ചാം ദിവസമാണ് യുവാവിൻ്റെ മൃതദേഹം കണ്ടെത്തിയത്.
വിജയ് കുമാറിനെ ജീവനോടെ കണ്ടെത്തുമെന്ന പ്രതീക്ഷയിൽ തുർക്കി തലസ്ഥാനമായ അങ്കാറയിലെ ഇന്ത്യൻ എംബസി അധികൃതർ മലത്യ നഗരത്തിലെ രക്ഷാപ്രവർത്തനങ്ങൾ നിരീക്ഷിച്ചു വരികയായിരുന്നു, എന്നാൽ ദിവസങ്ങൾ കഴിയുന്തോറും പ്രതീക്ഷ മങ്ങാൻ തുടങ്ങി. വെള്ളിയാഴ്ച രാവിലെ നടത്തിയ തെരച്ചിലിൽ ഹോട്ടലിൻ്റെ അവശിഷ്ടങ്ങൾക്കടിയിൽനിന്നു യുവാവിൻ്റെ പാസ്പോർട്ടും ബാഗും ലഭിച്ചിരുന്നു.