തുർക്കി ഭൂകമ്പം: അവശിഷ്ടങ്ങളിൽ നിന്ന് മുൻ ന്യൂകാസിൽ യുണൈറ്റഡ് താരത്തെ പുറത്തെടുത്തു
തുർക്കിയിലെ ദാരുണമായ ഭൂകമ്പത്തിന് പിന്നാലെ അവശിഷ്ടങ്ങളിൽ കുടുങ്ങിയ ഘാന ദേശീയ താരം ക്രിസ്റ്റ്യൻ അറ്റ്സുവിനെ ജീവനോടെ പുറത്തെടുത്തു. അദ്ദേഹത്തിന്റെ നിലവിലെ ക്ലബ് ഹാറ്റെയ്‌സ്‌പോറിന്റെ വൈസ് പ്രസിഡന്റ് വിവരം സ്ഥിരീകരിച്ചു. തലേന്ന് രാത്രി തുർക്കി സൂപർ ലീഗിൽ ഇഞ്ച്വറി സമയ ഗോളുമായി സ്വന്തം ടീമിനെ വിജയത്തിലെത്തിച്ച താരമാണ് പുലർച്ചെയുണ്ടായ ദുരന്തത്തിൽ പെട്ടത്.
‘പരിക്കേറ്റ ക്രിസ്റ്റ്യൻ അറ്റ്സുവിനെ ജീവനോടെ പുറത്തെടുത്തു. നിർഭാഗ്യവശാൽ ഞങ്ങളുടെ ഡയറക്ടർ ടാനർ സാവുട്ട് ഇപ്പോഴും അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്നു’ – ക്ലബ്ബ് വൈസ് പ്രസിഡന്റ് മുസ്തഫ ഒസാക്ക് റേഡിയോ ഗോൾഡിനോട് പറഞ്ഞു. പ്രിമിയർ ലീഗിൽ ന്യൂകാസിൽ, ചെൽസി ടീമുകൾക്കൊപ്പം ബൂട്ടുകെട്ടിയ 31 കാരനായ വിങ്ങർ കഴിഞ്ഞ സെപ്റ്റംബറിലാണ് തുർക്കി സൂപർ ലീഗിലെത്തിയത്.
2017 മുതൽ തുടർച്ചയായ അഞ്ചു സീസണിൽ ന്യൂകാസിലിനൊപ്പം പന്തുതട്ടിയതിനൊടുവിൽ 2021ൽ സൗദി ലീഗിലെത്തിയ അറ്റ്സു തുർക്കി ഭൂകമ്പത്തിന് തലേന്നു രാത്രിയിലും ടീമിനു വേണ്ടി ഇറങ്ങിയിരുന്നു. നിരവധി കളിക്കാരെയും ഉദ്യോഗസ്ഥരെയും അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് രക്ഷപ്പെടുത്തിയതായി ഒസാത് തിങ്കളാഴ്ച BeIN സ്‌പോർട്‌സിനോട് പറഞ്ഞു.