Saturday, October 19, 2024
World

യു എസ് പ്രതിനിധി സംഘം വീണ്ടും തായ്‌വാനില്‍; അമേരിക്കന്‍ പിന്തുണ ഊട്ടിയുറപ്പിക്കാനെന്ന് വിശദീകരണം

വീണ്ടും തായ്‌വാന്‍ സന്ദര്‍ശിച്ച് യു എസ് പ്രതിനിധി സംഘം. മസാച്യുസെറ്റ്‌സ് ഡെമോക്രാറ്റിക് സെനറ്റര്‍ എഡ് മാര്‍ക്കിയുടെ നേതൃത്വത്തിലുള്ള യുഎസ് കോണ്‍ഗ്രസിലെ അഞ്ചംഗ സംഘമാണ് തായ്‌വാന്‍ സന്ദര്‍ശിച്ചത്. ചൈനയുമായി സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനിടെയാണ് യു എസ് സംഘം വീണ്ടും തായ്‌വാനിലെത്തുന്നത് എന്നത് ശ്രദ്ധേയമാണ്. യു എസ് ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസിയുടെ സന്ദര്‍ശനത്തിന് ശേഷം ചൈന അതിര്‍ത്തിയില്‍ സൈനിക നീക്കം ശക്തമാക്കിയിരുന്നു.

രണ്ട് ദിവസത്തെ അപ്രഖ്യാപിത സന്ദര്‍ശനത്തിനാണ് യു എസ് പ്രതിനിധിസംഘം തായ്‌വാനിലെത്തിയത്. തായ്‌വാനുള്ള അമേരിക്കന്‍ പിന്തുണ ഊട്ടിയുറപ്പിക്കുന്നതിനാണ് സന്ദര്‍ശനമെന്നാണ് യു എസ് പ്രതിനിധി സംഘം വിശദീകരിക്കുന്നത്. ഡെമോക്രാറ്റിക് പ്രതിനിധികളായ ജോണ്‍ ഗാരമെന്‍ഡി, അലന്‍ ലോവെന്തല്‍, ഡോണ്‍ ബെയര്‍, റിപ്പബ്ലിക്കന്‍ പ്രതിനിധി ഔമുവ അമത കോള്‍മാന്‍ റഡെവാഗന്‍ എന്നിവരും പ്രതിനിധി സംഘത്തിലുണ്ട്.

നാന്‍സി പെലോസിയുടെ തായ്‌വാന്‍ സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ ചൈന തായ് വാനെതിരെ സാമ്പത്തിക ഉപരോധമുള്‍പ്പെടെ ഏര്‍പ്പെടുത്തിയിരുന്നു. ചൈനയുടെ നിരന്തര ഭീഷണി നേരിടുന്ന തായ്‌വാനിലെ ജനാധിപത്യത്തിന് അചഞ്ചലമായ പിന്തുണ നല്‍കുന്നതിനാണ് തന്റെ സന്ദര്‍ശനമെന്നാണ് നാന്‍സി പെലോസി വിശദീകരിച്ചിരുന്നത്. പെലോസിയുടെ സന്ദര്‍ശനത്തിനെതിരെ നയതന്ത്ര പ്രതിഷേധം കടുപ്പിക്കുമെന്നാണ് ചൈന ആവര്‍ത്തിക്കുന്നത്.

Leave a Reply

Your email address will not be published.