Saturday, October 19, 2024
World

നാന്‍സി പെലോസിയുടെ തായ്‌വാന്‍ സന്ദര്‍ശനം അപകടകരമെന്ന് ചൈന; നാളെ മുതല്‍ അതിര്‍ത്തിയില്‍ സൈനിക അഭ്യാസം

യു എസ് ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസിയുടെ തായ്‌വാന്‍ സന്ദര്‍ശനത്തെ അപലപിച്ച് ചൈന. പെലോസിയുടെ യാത്ര അത്യന്തം അപകടകരമാണെന്ന് ചൈന പ്രസ്താവിച്ചു. തായ്‌വാന്‍ അതിര്‍ത്തിയില്‍ നാളെ മുതല്‍ സൈനിക അഭ്യാസം നടത്തുമെന്ന് ചൈന പറഞ്ഞു. ഇത് ഞായറാഴ്ച വരെ നീണ്ടുനില്‍ക്കുമെന്നാണ് ചൈന വ്യക്തമാക്കുന്നത്.

 ചൈനയുടെ നിരന്തര ഭീഷണി നേരിടുന്ന തായ്‌വാനിലെ ജനാധിപത്യത്തിന് അചഞ്ചലമായ പിന്തുണ നല്‍കുന്നതിനാണ് തന്റെ സന്ദര്‍ശനമെന്ന് നാന്‍സി പെലോസി പറഞ്ഞു. നാന്‍സി പെലോസി ഇന്ന് തായ്‌വാന്‍ പ്രസിഡന്റിനെ കാണുമെന്നാണ് വിവരം. പെലോസിയുടെ സന്ദര്‍ശനത്തിനെതിരെ നയതന്ത്ര പ്രതിഷേധം കടുപ്പിക്കുമെന്നാണ് ചൈന ആവര്‍ത്തിക്കുന്നത്. അമേരിക്കന്‍ അംബാസിഡറെ ചൈന വിളിച്ചുവരുത്തി.

തായ്‌വാന്‍ വിഷയം പൂര്‍ണമായി ചൈനയുടെ ആഭ്യന്തര വിഷയമാണെന്നും അതില്‍ വിധി പറയാന്‍ മറ്റൊരു രാജ്യം ശ്രമിക്കുന്നത് അന്താരാഷ്ട്ര തത്വങ്ങളുടെ ലംഘനമാണെന്നാണ് ചൈനയുടെ ആരോപണം. ചൈനയ്‌ക്കെതിരെ കളിക്കാന്‍ തായ്‌വാന്‍ ചീട്ട് അമേരിക്ക പുറത്തെടുക്കരുതെന്നും ചൈന മുന്നറിയിപ്പ് നല്‍കി.

ഇന്ന് ഉച്ചവരെ നാന്‍സി പെലോസി തായ്‌വാനിലുണ്ടാകും. കനത്ത സുരക്ഷയിലാണ് പെലോസിയുടെ സന്ദര്‍ശനം. അമേരിക്കയുടെ നാല് യുദ്ധക്കപ്പലുകളാണ് തായ്‌വാന്‍ തീരത്ത് കിടക്കുന്നത്. ഇതോടൊപ്പം തായ്‌വാന്‍ സൈനിക വ്യൂഹം പെലോസിക്ക് സുരക്ഷ ഉറപ്പാക്കാന്‍ ഒപ്പമുണ്ട്.

Leave a Reply

Your email address will not be published.