യുഎസ് തായ്‌വാനൊപ്പം’; സന്ദര്‍ശനം പൂര്‍ത്തിയാക്കി നാന്‍സി പെലോസി ദക്ഷിണ കൊറിയയിലേക്ക്
തായ്‌വാന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി യുഎസ് ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസി. 18 മണിക്കൂര്‍ നീണ്ട സന്ദര്‍ശനം പൂര്‍ത്തിയാക്കി നാന്‍സി പെലോസി കൊറിയയിലേക്ക് മടങ്ങി. അമേരിക്ക തായ്‌വാനോടൊപ്പം നില്‍ക്കുന്നുവെന്ന് യുഎസ് ഹൗസ് സ്പീക്കര്‍ ട്വീറ്റ് ചെയ്തു. തായ്‌വാനുമായുള്ള ചര്‍ച്ചയില്‍ സാമ്പത്തിക സഹകരണം ചര്‍ച്ചയായി.
നാന്‍സി പെലോസിയുടെ സന്ദര്‍ശനത്തിനെതിരെ ചൈന രംഗത്തെത്തിയിരുന്നു. തീകൊള്ളി കൊണ്ട് തലചൊറിയരുതെന്നാണ് അമേരിയ്ക്ക് ചൈന മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. പ്രകോപനം തുടര്‍ന്നാല്‍ തങ്ങള്‍ തിരിച്ചടിക്കുമെന്നും ചൈന നിലപാട് കടുപ്പിക്കുന്നുണ്ട്. നാന്‍സി പെലോസിയുടെ തായ്വാന്‍ സന്ദര്‍ശനം പ്രഹസനമാണെന്ന് ചൈന ആക്ഷേപിച്ചു.
സന്ദര്‍ശന പശ്ചാത്തലത്തില്‍ തായ്വാനെതിരെ സാമ്പത്തിക ഉപരോധങ്ങള്‍ ചൈന ഏര്‍പ്പെടുത്തിയിട്ടുണ്ട്. തായ്വാന്‍ അതിര്‍ത്തിയില്‍ നാളെ മുതല്‍ സൈനിക അഭ്യാസം നടത്തുമെന്ന് ചൈന പറഞ്ഞു. ഇത് ഞായറാഴ്ച വരെ നീണ്ടുനില്‍ക്കുമെന്നാണ് ചൈന വ്യക്തമാക്കുന്നത്. സൈനിക അഭ്യാസത്തിന്റേയും സാമ്പത്തിക ഉപരോധങ്ങളുടേയും പശ്ചാത്തലത്തില്‍ ജപ്പാനോടും ഫിലിപൈന്‍സിനോടും ഇതര വ്യോമപാതയ്ക്കായി നയതന്ത്രനീക്കം ശക്തമാക്കാനും തായ്വാന്‍ ആരംഭിച്ചിട്ടുണ്ട്.
ചൈനയുടെ നിരന്തര ഭീഷണി നേരിടുന്ന തായ്വാനിലെ ജനാധിപത്യത്തിന് അചഞ്ചലമായ പിന്തുണ നല്‍കുന്നതിനാണ് തന്റെ സന്ദര്‍ശനമെന്ന് നാന്‍സി പെലോസി പറഞ്ഞു. പെലോസിയുടെ സന്ദര്‍ശനത്തിനെതിരെ നയതന്ത്ര പ്രതിഷേധം കടുപ്പിക്കുമെന്നാണ് ചൈന ആവര്‍ത്തിക്കുന്നത്.