Thursday, October 17, 2024
World

സിഖ് വ്യവസായി റിപുധാമന്‍ സിംഗ് മാലിക് കാനഡയില്‍ വെടിയേറ്റു മരിച്ചു

സിഖ് വ്യവസായിയും ജീവകാരുണ്യ പ്രവര്‍ത്തകനുമായ റിപുധാമന്‍ സിംഗ് മാലിക് കാനഡയില്‍ വെടിയേറ്റു മരിച്ചു. സുറിയില്‍ ഉണ്ടായ ആക്രമണത്തിലാണ് റിപുധാമന്‍ സിംഗ് മാലിക് കൊല്ലപ്പെട്ടത്.

329 പേര്‍ കൊല്ലപ്പെട്ട 1985ലെ എയര്‍ ഇന്ത്യ ബോംബ് സ്‌ഫോടനക്കേസില്‍ ആരോപണ വിധേയനായിരുന്നു. 2005ല്‍ കോടതി കുറ്റവിമുക്തനാക്കിയിരുന്നു.

പ്രാദേശിക സമയം രാവിലെ 9.30 തോടെയായിരുന്നു സംഭവം. ഓഫിസിലേക്ക് പോകുന്ന വഴി അജ്ഞാതര്‍ വെടിയുതിര്‍ക്കുകായിരുന്നു. വിവരമറിഞ്ഞ് കനേഡിയന്‍ മൗണ്ടഡ് പൊലീസ് ഉടന്‍ സ്ഥലത്തെത്തി പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.

എയര്‍ ഇന്ത്യയുടെ 182 കനിഷ്‌ക വിമാനത്തില്‍ ബോംബ് സ്‌ഫോടനം നടത്തിയതില്‍ നിര്‍ണായക പങ്കുവഹിച്ചതായി ആരോപിക്കപ്പെട്ടവരില്‍ ഒരാളാണ് മാലിക്. 1985 ജൂണ്‍ 23ന് മോണ്‍ട്രിയല്‍- ലണ്ടന്‍- ഡല്‍ഹി- മുംബൈ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഫ്‌ലൈറ്റ് ഐറിഷ് തീരപ്രദേശത്തിന് സമീപം പൊട്ടിത്തെറിക്കുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന 329 പേരും മരിച്ചു. പഞ്ചാബിലെ കലാപം മൂര്‍ദ്ധന്യാവസ്ഥയിലായിരുന്ന സമയത്തായിരുന്നു സംഭവം. 2005ല്‍ കുറ്റവിമുക്തനാക്കപ്പെട്ട അദ്ദേഹം 2019 ഡിസംബറില്‍ തന്റെ പേര് ബ്ലാക്ക് ലിസ്റ്റില്‍ നിന്ന് നീക്കം ചെയ്തതിന് ശേഷം ഇന്ത്യ സന്ദര്‍ശിച്ചിരുന്നു.

Leave a Reply

Your email address will not be published.