Sunday, January 5, 2025
World

സല്‍മാന്‍ റുഷ്ദിയുടെ ആരോഗ്യനിലയില്‍ പുരോഗതി; കോടതിയില്‍ കുറ്റം നിഷേധിച്ച് അക്രമി

ന്യൂയോര്‍ക്കിലെ സ്‌റ്റേജില്‍ ലക്ചറിനിടെ എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിയെ ഗുരുതരമായി കുത്തി പരുക്കേല്‍പ്പിച്ച പ്രതി കോടതിയില്‍ കുറ്റം നിഷേധിച്ചു. ശസ്ത്രക്രിയയ്ക്ക് ശേഷം ഇപ്പോഴും ആശുപത്രിയില്‍ തുടരുന്ന റുഷ്ദിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. റുഷ്ദി സംസാരിച്ചുതുടങ്ങിയെന്നും മുറിയില്‍ അല്‍പ ദൂരം നടന്നെന്നും സൂചനയുണ്ട്. 

റുഷ്ദിക്ക് മികച്ച പരിചരണമാണ് നല്‍കുന്നതെന്ന് ന്യൂയോര്‍ക്ക് ഗവര്‍ണര്‍ കാത്തി ഹോക്കല്‍ അറിയിച്ചു. ഇന്ത്യന്‍ സമയം രാത്രി 8.30നാണ് ഷട്ടോക്വ വിദ്യാഭ്യാസകേന്ദ്രത്തിലെ ചടങ്ങിനിടെ വേദിയിലേക്കു പാഞ്ഞെത്തിയ അക്രമി റുഷ്ദിയെ കഴുത്തില്‍ കുത്തിവീഴ്ത്തിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ന്യൂജഴ്‌സിയില്‍ നിന്നുള്ള ഹാദി മറ്റാര്‍ (24) ആണു പിടിയിലായതെന്ന് ന്യൂയോര്‍ക്ക് പൊലീസ് അറിയിച്ചു. ആക്രമണത്തിന് കാരണമെന്താണെന്ന് വ്യക്തമല്ല.

സ്റ്റേറ്റ് പോലീസ് ജെയിംസ്ടൗണില്‍ നിന്ന് മറ്റാറിനെ ചൗതൗക്വാ കൗണ്ടി ജയിലിലേക്ക് കൊണ്ടുപോയിട്ടുണ്ട്. ഇയാളുടെ മാതാവിനെയും കോടതിയില്‍ ഹാജരാക്കി. മറ്റാറിനെതിരെ വധശ്രമത്തിനാണ് കേസെടുത്തത്. എന്നാല്‍ ഇയാള്‍ കോടതിയില്‍ തനിക്കെതിരായ കുറ്റങ്ങള്‍ നിഷേധിക്കുകയായിരുന്നു. പ്രതിയെ കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

Leave a Reply

Your email address will not be published. Required fields are marked *