പരാതിക്കാരിക്ക് വിശ്വാസ്യത ഇല്ലെന്ന് പി.സി.ജോര്‍ജ് കോടതിയില്‍
പരാതിക്കാരിക്ക് വിശ്വാസ്യത ഇല്ലെന്ന് പീഡന പരാതിയില്‍ അറസ്റ്റിലായ പി.സി.ജോര്‍ജ് കോടതിയില്‍. മുന്‍ മുഖ്യമന്ത്രിക്ക് എതിരെയടക്കം പീഡന പരാതി നല്‍കിയ ആളാണ് പരാതിക്കാരി. ഇത്തരത്തില്‍ വിശ്വാസ്യത ഇല്ലാത്തയാളാണെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു.
രാഷ്ട്രീയമായി കെട്ടിച്ചമച്ച കേസാണ്. താന്‍ രോഗിയാണെന്നും ജയിലില്‍ അടക്കരുതെന്നും പ്രതിഭാഗം പി.സി.ജോര്‍ജ് പറഞ്ഞു. പി.സി.ജോര്‍ജിന് ജാമ്യം അനുവദിക്കരുതെന്നു റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പൊലീസും ആവശ്യപ്പെട്ടു. പ്രതി മത സ്പര്‍ദ്ധയുണ്ടാക്കുന്ന പ്രസംഗം നടത്തിയ വ്യക്തിയാണ്. കോടതിയുടെ ജാമ്യ വ്യവസ്ഥ ലംഘിച്ച വ്യക്തിയാണ്. പ്രതിക്ക് ജാമ്യം അനുവദിച്ചാല്‍ സാക്ഷിയെ ഭീഷണിപ്പെടുത്തും.
സോളാര്‍ കേസ് പ്രതിയുടെ രഹസ്യമൊഴിയില്‍ മ്യൂസിയം പൊലീസാണ് മുന്‍ എംഎല്‍എയെ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം ഗസ്റ്റ് ഹൗസില്‍ വച്ച് ലൈംഗിക താത്പര്യത്തോടെ കടന്നുപിടിച്ചെന്നും, അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്നും സോളാര്‍ കേസ് പ്രതി ആരോപിച്ചു. അതേസമയം ഒരു വൃത്തികേടും കാട്ടിയിട്ടില്ലെന്ന് പി.സി.ജോര്‍ജ് പറഞ്ഞു. ഇത് കള്ളക്കേസാണെന്നും താന്‍ നിരപരാധിയെന്ന് തെളിയിക്കുമെന്ന് അദ്ദേഹം പ്രതികരിച്ചു.
കന്റോണ്‍മെന്റ് അസി. കമ്മീഷണറുടെ നേതൃത്വത്തിലാണ് അറസ്റ്റ്. സ്ത്രീത്വത്തെ അപമാനിച്ചതിന് 154, 54 (A) വകുപ്പുകള്‍ ചേര്‍ത്താണ് ജോര്‍ജിനെതിരെ കേസെടുത്തിരിക്കുന്നത്. ഈ വര്‍ഷം ഫെബ്രുവരി 10ന് തിരുവനന്തപുരം ഗസ്റ്റ് ഹൗസില്‍ വച്ച് ലൈംഗിക താത്പര്യത്തോടെ തന്നെ കടന്നുപിടിച്ചെന്നും അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്നും സോളാര്‍ കേസ് പ്രതി രഹസ്യമൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി.
മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന കേസില്‍ പി.സി.ജോര്‍ജിനെ ചോദ്യം ചെയ്യാനായി വിളിച്ച് വരുത്തിയിരുന്നു. ഈ കേസില്‍ ക്രൈംബ്രാഞ്ചിന്റെ മൊഴിയെടുക്കല്‍ പൂര്‍ത്തിയായതിന് ശേഷമാണ് ജോര്‍ജിനെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായതോടെ മ്യൂസിയം പൊലീസ് പി.സി.ജോര്‍ജിനെ കസ്റ്റഡിയില്‍ എടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. അറസ്റ്റിലായ ജോര്‍ജിനെ എ ആര്‍ ക്യാമ്പില്‍ എത്തിച്ചു. ഇന്ന് തന്നെ മജിസ്‌ട്രേറ്റ് മുന്നില്‍ ഹാജരാക്കും.