Saturday, January 4, 2025
National

നിതീഷ് കുമാര്‍ മന്ത്രിസഭ 2.0; കോണ്‍ഗ്രസ് സീറ്റുകളില്‍ അന്തിമധാരണയായി

ബിഹാര്‍ മന്ത്രിസഭയിലെ കോണ്‍ഗ്രസിന്റെ സീറ്റുകളുടെ കാര്യത്തില്‍ അന്തിമധാരണയായതായി പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ഭക്ത ചരണ്‍ ദാസ്. പാര്‍ട്ടിക്ക് അര്‍ഹമായ പ്രാതിനിധ്യം സഭയില്‍ ഉണ്ടാകുമെന്നും ഭക്ത ചരന്‍ ദാസ് പറഞ്ഞു. എന്നാല്‍ ആരെല്ലാമായിരിക്കും മന്ത്രിമാര്‍ എന്നതില്‍ ഇപ്പോഴും തീരുമാനമായിട്ടില്ല. ആഗസ്റ്റ് 16ന് തന്നെ മന്ത്രി സഭാ വികസനം ഉണ്ടായെക്കുമെന്നും ഭക്ത ചരന്‍ ദാസ് വ്യക്തമാക്കി.19 എംഎല്‍എമാരുള്ള കോണ്‍ഗ്രസിന് നാല് മന്ത്രി പദവികള്‍ നല്‍കാനാണ് നേരത്തെയുള്ള ധാരണ. അതേസമയം സ്പീക്കര്‍ പദവിയുടെ കാര്യത്തില്‍ ആര്‍ജെഡി, ജെഡിയു എന്നീ പാര്‍ട്ടികള്‍ തമ്മില്‍ ചര്‍ച്ചകള്‍ തുടരുകയാണ്.

ആര്‍ജെഡിയുടേയും കോണ്‍ഗ്രസിന്റേയും പിന്തുണയോടെയാണ് നിതീഷ് കുമാറിന്റെ പുതിയ സര്‍ക്കാര്‍ രൂപീകരണം നടന്നത്. ബിഹാറില്‍ ആര്‍ജെഡിക്ക് 80 സീറ്റുകളും ബിജെപിക്ക് 77 സീറ്റുകളും ജെഡിയുവിന് 55 സീറ്റും കോണ്‍ഗ്രസിന് 19 സീറ്റുകളുമാണുള്ളത്. ബിജെപിയുമായി മാസങ്ങളായി ജെഡിയു അകല്‍ച്ചയിലാണ്. ഈ പശ്ചാത്തലത്തില്‍ മഹാരാഷ്ട്രയിലേതിന് സമാനമായി ബിജെപി വിമത നീക്കം നടത്തി നിതീഷ് കുമാര്‍ സര്‍ക്കാരിനെ അട്ടിമറിക്കുമെന്ന ആശങ്ക നിതീഷ് കുമാറിനുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയായിരുന്നു നിതീഷ് കുമാറിന്റെ രാജി.

ബിഹാറിലെ എന്‍ഡിഎ സഖ്യത്തിലെ ഉലച്ചിലിന്റെ ഭാഗമായാണ് നിതീഷ് കുമാര്‍ രാജി വച്ചത്. ജെഡിയു എന്‍ഡിഎയില്‍ നിന്ന് പുറത്തുപോകേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് നിതീഷ് കുമാറാണ് എംഎല്‍എമാരെ അറിയിച്ചിരുന്നത്. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി ചേര്‍ന്ന് മുന്നോട്ടുപോയാല്‍ ബിഹാറിലെ ജനങ്ങള്‍ തങ്ങളെ തള്ളിക്കളഞ്ഞേക്കുമെന്ന് ഭയക്കുന്നതായി നിതീഷ് കുമാര്‍ അറിയിച്ചിരുന്നു. ജാതി സെന്‍സസ് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ബിജെപിക്കെതിരെ നിതീഷ് നിലപാട് കടുപ്പിച്ചിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *