ആശുപത്രിയില്‍ തുടരും; ഇബ്രാഹിം കുഞ്ഞിനെ കോടതിയില്‍ ഹാജരാക്കുന്നത് ഓണ്‍ലൈനായി;അറസ്റ്റ് വിവരം സ്പീക്കറെ അറിയിച്ചു
പാലാരിവട്ടം അഴിമതി കേസില്‍ വിജിലന്‍സ് അറസ്റ്റ് ചെയ്ത മുന്‍മന്ത്രി ഇബ്രാഹിം കുഞ്ഞിനെ ഓണ്‍ലൈനായി കോടതിയില്‍ ഹാജരാക്കും. മൂവാറ്റുപുഴ വിജിലന്‍സ് കോടതി മുന്‍പാകെയാണ് ഇബ്രാഹിം കുഞ്ഞിനെ ഹാജരാക്കുന്നത്. തിരുവനന്തപുരത്ത് നിന്നും വിജിലന്‍സ് പ്രോസിക്യൂട്ടര്‍ കൊച്ചിയിലെത്തും. ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ വിവരം വിജിലന്‍സ് രേഖാമൂലം സ്പീക്കറെ അറിയിച്ചു. ഇമെയിലിലൂടെ ആണ് അറസ്റ്റ് വിവരം സ്പീക്കറെ ഔദ്യോഗികമായി അറിയിച്ചത്. നിയമസഭാ അംഗത്തെ അറസ്റ്റ് ചെയ്ത വിവരം സ്പീക്കറെ അറിയിക്കണമെന്നാണ് ചട്ടം.
അതേസമയം ഇബ്രാഹിംകുഞ്ഞ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരും. അദ്ദേഹത്തിന് ചികിത്സ ആവശ്യമുണ്ടെന്ന് ഡോക്ടര്‍മാര്‍ വിജിലന്‍സ് സംഘത്തെ അറിയിച്ചു. ഇബ്രാഹിം കുഞ്ഞിന്റെ ആരോഗ്യസ്ഥിതി മോശമാണെന്നും ആശുപത്രിയില്‍ നിന്നും കൊണ്ടുപോകരുതെന്നുമാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.ആശുപത്രിയില്‍ നിന്നും മാറ്റുന്നത് സംബന്ധിച്ച തീരുമാനം പിന്നീട് കൈക്കൊള്ളും.പാലാരിവട്ടം പാലം അഴിമതി കേസിലെ അഞ്ചാം പ്രതിയാണ് വി.കെ. ഇബ്രാഹിംകുഞ്ഞ്. കൊച്ചിയിലെ ലേക്ഷോര്‍ ആശുപത്രിയില്‍ നിന്നുമാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.