Wednesday, January 1, 2025
World

തായ്‌വാന്‍ തെരഞ്ഞെടുപ്പില്‍ മൂന്നാം തവണയും അമേരിക്കന്‍ അനുകൂലപാര്‍ട്ടി ഡിപിപിയ്ക്ക് ജയം; വില്യം ലായ് ചിങ് തെ പ്രസിഡന്റാകും

തായ്‌വാന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടി നേതാവ് വില്യം ലായ് ചിങ് തെയ്ക്ക് ജയം. തുടര്‍ച്ചയായി മൂന്നാം തവണയാണ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടി തായ്‌വാനില്‍ അധികാരത്തിലേറുന്നത്. അമേരിക്കന്‍ അനുകൂല പാര്‍ട്ടിയാണ് ഡിപിപി. അതിര്‍ത്തിയെക്കുറിച്ചുള്ള ചൈനീസ് അവകാശവാദങ്ങളെ പൂര്‍ണമായി നിഷേധിക്കുകയും തായ്‌വാന്റെ പ്രത്യേക നിലനില്‍പ്പിനെ പിന്തുണയ്ക്കുകയും ചെയ്യുന്ന പാര്‍ട്ടിയാണ് ഇത്. തായ്‌വാനിലെ പ്രധാന പ്രതിപക്ഷപാര്‍ട്ടിയായ കോമിന്‍ടാങിനെ തറപറ്റിച്ചാണ് ഡിപിപിയുടെ ജയം.

തുടര്‍ച്ചയായുള്ള മൂന്നാം വിജയം ജനാധിപത്യത്തിന്റെ വിജയമാണെന്ന് ലായ് ചിങ് തെ പ്രതികരിച്ചു. ലോകത്തെ ജനാധിപത്യശക്തികളുമായി ചേര്‍ന്ന് തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്നും നിയുക്തപ്രസിഡന്റ് അന്താരാഷ്ട്ര മാധ്യമങ്ങളോട് പറഞ്ഞു. തങ്ങളുടെ രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഇടപെടാന്‍ ശ്രമിച്ച ബാഹ്യശക്തികളെ വിജയകരമായി പ്രതിരോധിക്കാനായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രസംഗത്തിലുടനീളം ചൈനയെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ടായിരുന്നു അദ്ദേഹം സംസാരിച്ചത്.

അപകടകാരിയായ വിഘടനവാദിയെന്നാണ് ചൈന വില്യം ലായ് ചിങിനെ ആവര്‍ത്തിച്ച് വിമര്‍ശിച്ചിരുന്നത്. കോമിന്‍ടാങിന്റെ ഹോ യുഹിനെയും തായ്‌പേയ് മുന്‍ മേയര്‍ കോ വെന്‍ ജെയേയുമാണ് വില്യം ലായ് ചിങ് പരാജയപ്പെടുത്തിയത്. 40.2 ശതമാനം വോട്ടുകളാണ് അദ്ദേഹം നേടിയത്.

Leave a Reply

Your email address will not be published. Required fields are marked *