Sunday, December 29, 2024
Kerala

മകരവിളക്ക് മഹോത്സവം: കുഴഞ്ഞു വീഴുന്നവർക്ക് അടിയന്തര സഹായം ഒരുക്കാൻ ഫയർഫോഴ്സിന്റെ 35 സ്ട്രക്ച്ചർ ടീം

മകരവിളക്ക് മഹോത്സവത്തിന് സന്നിധാനത്തും മറ്റ് അനുബന്ധ പ്രദേശങ്ങളിലുമായി ഫയർഫോഴ്സിന്റെ 35 സ്ട്രക്ചർ ടീം രംഗത്ത് ഉണ്ടാകുമെന്ന് സ്പെഷ്യൽ ഓഫീസർ അരുൺ ഭാസ്കർ പറഞ്ഞു. മകരവിളക്കിന് മുന്നോടിയായി സിവിൽ ഡിഫൻസ് വൊളണ്ടിയർമാർക്ക് ആവശ്യമായ മാർഗ നിർദ്ദേശങ്ങൾ നൽകുന്നതിനായി ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുഴഞ്ഞു വീഴുന്നവരെയും മറ്റ് ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവരെയും അടിയന്തരമായി ആരോഗ്യ കേന്ദ്രത്തിൽ എത്തിക്കുകയാണ് സ്ട്രക്ചർ ടീമിന്റെ ദൗത്യം. വിവിധ പോയിന്റുകളിൽ 24 മണിക്കൂറും ഇവർ സജ്ജരായിരിക്കും. സിവിൽ ഡിഫൻസ് വൊളണ്ടിയർമാരെയും ആപ്ത മിത്ര വൊളണ്ടിയർമാരെയും ഉൾപ്പെടുത്തിയാണ് സ്ട്രക്ചർ ടീമിന്റെ പ്രവർത്തനം.

മരക്കൂട്ടം മുതൽ പാണ്ടിത്താവളം വരെ 12 പോയിന്റുകളാണ് ഫയർഫോഴ്സിന് ഉള്ളത്. കൂടുതൽ മുൻകരുതലിന്റെ ഭാഗമായി പാചകവാതകം ഉപയോഗിക്കുന്ന സന്നിധാനത്തെയും പരിസരത്തെയും ഹോട്ടലുകളിലും ദേവസ്വം അനുബന്ധ സ്ഥാപനങ്ങളിലും ഇതിനോടകം പരിശോധന പൂർത്തിയാക്കി വേണ്ട നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.

ഏതെങ്കിലും വിധത്തിൽ തീപിടിത്തം ഉണ്ടായാൽ നേരിടുന്നതിനായി എല്ലാ പോയിന്റുകളിലെയും ഫയർ ഹൈഡ്രന്റുകളുടെ പ്രവർത്തനക്ഷമത ഉറപ്പാക്കിയിട്ടുണ്ട്. ഫയർ എക്സ്റ്റിങ്ങ്യൂഷറുകളും സജ്ജമാണ്. മകരവിളക്ക് വ്യൂ പോയിന്റുകളിലും ഫയർഫോഴ്സിന്റെ സേവനമുണ്ടായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *