യുഎസ് അംബാസിഡറായി ഇന്ത്യയിലേക്ക് ലോസ് ഏയ്ജല്‍സ് മേയറായ എറിക് ഗാര്‍സെറ്റിയെ നിയമിച്ച് ബൈഡന്‍
ലോസ് ഏയ്ജല്‍സ് മേയറായ എറിക് ഗാര്‍സെറ്റിയെ ഇന്ത്യയിലേക്കുള്ള യുഎസ് അംബാസിഡറായി പ്രസിഡന്റ് ജോ ബൈഡന്‍ നിയമിച്ചു. ട്രംപ് ഭരണകാലത്ത് നിയമിതനായിരുന്ന കെന്നെത്ത് ജസ്റ്ററിന് പകരമായിട്ടാണ് 50കാരനായ എറിക് നിയമിക്കപ്പെട്ടിരിക്കുന്നത്. 2013 മുതലാണ് ലോസ് ഏയ്ജല്‍സ് നഗരത്തിന്റെ മേയറായി എറിക് സേവനമനുഷ്ഠിച്ച് വരുന്നത്. അതിന് മുമ്പ് 12 വര്‍ഷം സിറ്റി കൗണ്‍സില്‍ അംഗമായിരുന്ന ഇദ്ദേഹം ആ വ്യാഴവട്ടത്തിനിടെ കൗണ്‍സില്‍ പ്രസിഡന്റുമായിരുന്നു.
യുഎസിലെ തിരക്കേറിയ രണ്ടാമത്തെ ട്രാന്‍സിറ്റ് ഏജന്‍സിയായ ലോസ് ഏയ്ജല്‍സ് മെട്രോയുടെ ചെയറുമാണ് എറിക്. സി40 സിറ്റീസിന്റെ നിലവിലെ ചെയറുമാണ് ഇദ്ദേഹം. ക്ലൈമറ്റ് ആക്ഷനായി ഉത്തരവാദിത്വം പുലര്‍ത്തുന്ന ലോകത്തിലെ 97 രാജ്യങ്ങളുടെ നെറ്റ് വര്‍ക്കാണ് സി 40. നേരത്തെ ഈ സംഘടനയുടെ ഇന്ത്യയിലെ പരിപാടികളെ നയിച്ച് എറിക് ഇന്ത്യയിലെത്തിയിരുന്നു. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ലോകത്തിനായി നിരവധി കര്‍മപദ്ധതികള്‍ സി 40 ആവിഷ്‌കരിച്ചപ്പോള്‍ അതിനും ചുക്കാന്‍ പിടിച്ചത് എറികാണ്.
യുഎസ് നേവിയില്‍ 12 വര്‍ഷങ്ങള്‍ കമാന്‍ഡിംഗ് ഓഫീസറായി സേവനം അനുഷ്ഠിക്കവേ എറിക് കമാന്‍ഡര്‍, യുഎസ് പസിഫിക്ക് ഫ്‌ലീറ്റ്, ഡിഫെന്‍സ് ഇന്റലിജന്‍സ് ഏജന്‍സി എന്നിയവക്ക് കീഴില്‍ പ്രവര്‍ത്തിച്ചിരുന്നു. തുടര്‍ന്ന് 2017ല്‍ ഇദ്ദേഹം ഒരു ലെഫ്റ്റനന്റായി റിട്ടയര്‍ ചെയ്യുകയും ചെയ്തിരുന്നുവെന്നാണ് ഒരു പ്രസ്താവനയിലൂടെ വൈറ്റ്ഹൗസ് വെളിപ്പെടുത്തുന്നത്. വിവിധ രംഗങ്ങളില്‍ പ്രവര്‍ത്തിച്ച അനുഭവസമ്പത്ത് എറികിനുണ്ടെന്നും അത് ഇന്ത്യയിലെ യുഎസ് അംബാസിഡറെന്ന പുതിയ പദവിയിലും ശോഭിക്കാന്‍ അദ്ദേഹത്തിന് കരുത്തേകുമെന്നും വൈറ്റ്ഹൗസ് ഉറപ്പേകുന്നു. സൗത്ത് ഈസ്റ്റ് ഏഷ്യ, നോര്‍ത്ത് ഈസ്റ്റ് ആഫ്രിക്ക എന്നിവിടങ്ങളിലെ മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ ഇടപെട്ട് പ്രവര്‍ത്തിച്ച പരിചയവും എറികിന് മുതല്‍ക്കൂട്ടേകുമെന്നും വൈറ്റ്ഹൗസ് പറയുന്നു.