ബ്രിട്ടീഷ് പാര്‍ലമെന്റിലേക്ക് മത്സരിക്കാന്‍ മലയാളിയും; ലേബര്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി മഞ്ജു ഷാഹുല്‍ ഹമീദ്
2025ലെ ബ്രിട്ടീഷ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കാന്‍ ലേബര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി മലയാളിയും. യുകെയിലെ ക്രോയ്ഡണില്‍ താമസിക്കുന്ന തിരുവനന്തപുരം വര്‍ക്കല സ്വദേശിനി മഞ്ജു ഷാഹുല്‍ ഹമീദാണ് ബ്രിട്ടീഷ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബാരോ ആന്റ് ഫര്‍നെസ് മണ്ഡലത്തില്‍ നിന്ന് മത്സരിക്കുന്നത്.
ക്രിസ് ആള്‍ട്രി, ട്രിസ് ബ്രൗണ്‍, എറിക്ക ലൂയിസ്, മിഷേല്‍ സ്‌കോഗ്രാം, മഞ്ജു ഷാഹുല്‍ ഹമീദ് എന്നിവരുടെ പേരുകളാണ് പ്രാദേശിക ലേബര്‍ പാര്‍ട്ടി പ്രഖ്യാപിച്ചത്. ലണ്ടന്‍ ബറോ ഓഫ് ക്രോയ്ഡണില്‍ നിന്നുള്ള കൗണ്‍സിലറാണ് മഞ്ജു. മുതിര്‍ന്ന രാഷ്ട്രീയ പ്രവര്‍ത്തകരന്‍ മൈക്കല്‍ ക്രിക്കാണ് മഞ്ജു ഷാഹുല്‍ ഹമീദിന്റെ പേര് നിര്‍ദേശിച്ചത്. 1996ലായിരുന്നു ഇന്ത്യയില്‍ നിന്നും ബ്രിട്ടണിലെത്തിയത്. 2014-15 കാലത്ത് ക്രോയ്‌ഡോണിന്റെ മേയര്‍ പദവിയും ഇവര്‍ വഹിച്ചിട്ടുണ്ട്.
ചെമ്പഴന്തിയിലെ ശ്രീനാരായണ കോളജില്‍ നിന്ന് ബിരുദ പഠനത്തിന് ശേഷമായിരുന്നു മഞ്ജു ഷാഹുല്‍ ഹമീദിന്റെ ബ്രിട്ടണിലേക്കുള്ള കുടിയേറ്റം. ഗ്രീന്‍വിച്ച് സര്‍വകലാശാലയില്‍ സയന്റിഫിക് ആന്റ് എന്‍ജിനീയറിംഗ് സോഫ്റ്റ്വയര്‍ ടെക്‌നോളജിയില്‍ മാസ്‌റ്റേഴ്‌സ് നേടി. 1998ല്‍ ലേബര്‍ പാര്‍ട്ടിയില്‍ അംഗത്വമെടുത്തു. 2000ല്‍ എന്‍ജിനീയറിംഗായി ജോലിയില്‍ പ്രവേശിച്ചെങ്കിലും പൊതു, രാഷ്ട്രീയ പ്രവര്‍ത്തനത്തിലും മഞ്ജു ശഷാഹുല്‍ ഹമീദ് സജീവമായി പ്രവര്‍ത്തിച്ചുതുടങ്ങി.
കണ്‍സര്‍വേറ്റീവുകളില്‍ നിന്ന് സീറ്റ് തിരിച്ചുപിടിക്കാന്‍ ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ ആകുമെന്നാണ് ലേബര്‍ പാര്‍ട്ടി പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ആറുതവണയും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കായിരുന്നു ബാരോ ആന്റ് ഫര്‍നെസ് മണ്ഡലത്തില്‍ വിജയം. 2025ജനുവരി 24ന് ശേഷമായിരിക്കും പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്. ഈ വര്‍ഷം ഡിസംബറോടെ നിലവിലെ പാര്‍ലമെന്റ് പിരിച്ചുവിടും. അടുത്ത തെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടി വിജയം നേടുമെന്ന് സര്‍വേകളും സൂചിപ്പിക്കുന്നു. ബ്രിട്ടണില്‍ ന്യൂഹാമിന് ശേഷം ഏറ്റവും കൂടുതല്‍ മലയാളികളുള്ളത് ക്രോയ്‌ഡോണിലാണ്.