കൊച്ചിയില്‍ നാളെ മുതല്‍ മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകള്‍
ബ്രഹ്മപുരം തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യ സേവനം ഉറപ്പുവരുത്തുന്നതിനായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിലുള്ള മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകള്‍ തിങ്കളാഴ്ച മുതല്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. തിങ്കളാഴ്ച 2 മൊബൈല്‍ യൂണിറ്റുകളും ചൊവ്വാഴ്ചയോടെ 5 മൊബൈല്‍ യൂണിറ്റുകളും പ്രവര്‍ത്തനം ആരംഭിക്കും.
ശ്വാസകോശ സംബന്ധമായ രോഗലക്ഷണങ്ങളെയും അനുബന്ധ രോഗാവസ്ഥകളെയും നിരീക്ഷിക്കുന്നതിനും അടിയന്തര വൈദ്യ സഹായം ഫീല്‍ഡ് തലത്തില്‍ ലഭ്യമാക്കുന്നതിനും വേണ്ടിയാണ് മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകള്‍ സജ്ജമാക്കുന്നത്. മാത്രമല്ല ആരോഗ്യ സ്ഥാപനങ്ങളിലേക്ക് റഫര്‍ ചെയ്യേണ്ട രോഗികളെ സമയബന്ധിതമായി കണ്ടെത്തുന്നതിനും ഈ ക്ലിനിക് സഹായിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
ഫീല്‍ഡ് തലത്തില്‍ നിന്ന് ശേഖരിക്കുന്ന ആരോഗ്യ അവലോകന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നിര്‍ണയിക്കപ്പെടുന്ന പ്രദേശങ്ങളിലേക്കാണ് മൊബൈല്‍ ക്ലിനിക്കിന്റെ സേവനങ്ങള്‍ ലഭ്യമാകുക. ഈ ക്ലിനിക്കില്‍ മെഡിക്കല്‍ ഓഫീസര്‍, നഴ്‌സിംഗ് ഓഫിസര്‍, നഴ്‌സിംഗ് അസിസ്റ്റന്റ് എന്നിവരുണ്ടാകും. അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിനുള്ള സ്റ്റെബിലൈസേഷന്‍ സംവിധാനവും നെബുലൈസേഷന്‍ അടക്കമുള്ള സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള സജ്ജീകരണങ്ങളും ഇതില്‍ ലഭ്യമാവും.
മിനി സ്പൈറോമീറ്റര്‍ അടക്കമുള്ള സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. ഈ ക്ലിനിക്കുകള്‍ മൊബൈല്‍ റിപ്പോര്‍ട്ടിങ് സെന്ററുകളായും പൊതുജനങ്ങള്‍ക്ക് ഉപയോഗപ്പെടുത്താവുന്നതാണ്. ആസ്റ്റര്‍ പീസ് വാലി മൊബൈല്‍ ക്ലിനിക്കുമായി സഹകരിച്ചാവും ഒരു ക്ലിനിക്കിന്റെ പ്രവര്‍ത്തനം.
മാര്‍ച്ച് 13 തിങ്കള്‍
മൊബൈല്‍ യൂണിറ്റ് 1
ചമ്പക്കര എസ്.എന്‍.ഡി.പി. ഹാളിന് സമീപം: രാവിലെ 9.30 മുതല്‍ 11 വരെ
വൈറ്റില കണിയാമ്പുഴ ഭാഗം: രാവിലെ 11 മുതല്‍ 12.30 വരെ
തമ്മനം കിസാന്‍ കോളനി: ഉച്ചയ്ക്ക് 12.30 മുതല്‍ 2 വരെ
പൊന്നുരുന്നി അര്‍ബന്‍ പിഎച്ച്‌സിക്ക് സമീപം: ഉച്ചയ്ക്ക് 2.30 മുതല്‍ 4.30 വരെ
മൊബൈല്‍ യൂണിറ്റ് 2
വെണ്ണല അര്‍ബന്‍ പിഎച്ച്‌സിക്ക് സമീപം: രാവിലെ 9.30 മുതല്‍ 12.30 വരെ
എറണാകുളം പി ആന്റ് ടി കോളനി: ഉച്ചയ്ക്ക് 1.30 മുതല്‍ 2.30 വരെ
ഉദയ കോളനി: വൈകുന്നേരം 3 മുതല്‍ 4.30 വരെ