പേരാമ്പ്രയില്‍ ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ തല്ലിയ സംഭവം; പാര്‍ട്ടി അന്വേഷിക്കുമെന്ന് കെ സുരേന്ദ്രന്‍
ബിജെപി പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റിയില്‍ പ്രവര്‍ത്തകര്‍ തമ്മില്‍ തല്ലിയത് സംബന്ധിച്ച് പാര്‍ട്ടി അന്വേഷണം പ്രഖ്യാപിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി എം.മോഹനന്‍ ഉള്‍പ്പെടെ പങ്കെടുത്ത യോഗത്തിലാണ് പ്രവര്‍ത്തകരും നേതാക്കളും തമ്മില്‍തല്ലിയത്. മണ്ഡലം പ്രസിഡന്റ് കെ കെ രജീഷ് കോഴവാങ്ങിയെന്ന ആരോപണമാണ് പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്. ഇതു സംബന്ധിച്ച് അന്വേഷിക്കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ വ്യക്തമാക്കി.
പെട്രാള്‍ പമ്പിലെ നിര്‍മാണ പ്രവര്‍ത്തികള്‍ക്കായി മണ്ഡലം പ്രസിഡന്റ് കോഴയാവശ്യപ്പെട്ടെന്നാണ് ആരോപണം. പാര്‍ട്ടി രസീത് നല്‍കി നടത്തിയ പരിവാണ് നടന്നതെന്നും കൂടുതല്‍ അന്വേഷണം നടത്തുമെന്നും ജില്ലാ അധ്യക്ഷനും വ്യക്തമാക്കി. എന്നാല്‍ പല തവണ കോഴയാവശ്യപ്പെട്ടെന്നും പാര്‍ട്ടിയിലും പൊലീസിലും പരാതി നല്‍കുമെന്ന് പമ്പ് ഉടമയും പറഞ്ഞു.
കോഴയാരോപണം ഉന്നയിച്ച പമ്പുടമ കെ.എം പ്രജീഷും ബി.ജെ.പി മുന്‍ഭാരവാഹിയും പ്രവര്‍ത്തകനുമാണ്. പാര്‍ട്ടി പ്രവര്‍ത്തകരുടെ തമ്മില്‍തല്ലില്‍ നിയോജക മണ്ഡലത്തില്‍ അഴിച്ചുപണി നടത്താനാണ് ജില്ലാ കമ്മിറ്റി തീരുമാനം.