മത്സരിക്കാന്‍ തന്നെ തീരുമാനം; സ്പീക്കർ തെരഞ്ഞെടുപ്പിൽ ഷംസീറിനെ എതിരിടാന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി
തിരുവനന്തപുരം: സ്പീക്കർ തെരഞ്ഞെടുപ്പിൽ അൻവർ സാദത്തിനെ സ്ഥാനാർത്ഥിയാക്കാൻ യുഡിഎഫ് തീരുമാനം. എ എൻ ഷംസീറിനെ സ്പീക്കറാക്കാൻ എൽഡിഎഫ് നേരത്തെ തീരുമാനിച്ചിരുന്നു. തിങ്കളാഴ്ചയാണ് സ്പീക്കർ തെരഞ്ഞെടുപ്പ്. സഭയിലെ ഭൂരിപക്ഷം അനുസരിച്ച് ഷംസീർ തെരഞ്ഞെടുക്കുമെന്നുറപ്പാണ്. സ്പീക്കർ തെരഞ്ഞെടുപ്പിന് മാത്രമായാണ് തിങ്കളാഴ്ച നിയമസഭ സമ്മേളനം ചേരുന്നത്. മന്ത്രിയായിരുന്ന എം വി ഗോവിന്ദന്‍ പാര്‍ട്ടി സെക്രട്ടറി സ്ഥാനം ഏറ്റെടുത്തതോടെ സ്പീക്കറായിരുന്ന എം ബി രാജേഷ് മന്ത്രിസഭയിലേക്ക് എത്തിയിരുന്നു.
ഇതോടെ എ എൻ ഷംസീറിനെ സ്പീക്കര്‍ സ്ഥാനത്തേക്ക് എല്‍ഡിഎഫ് തീരുമാനിക്കുകയായിരുന്നു. എം ബി രാജേഷിന്‍റെയും എ എന്‍ ഷംസീറിന്‍റെയും പേര് മന്ത്രി സ്ഥാനത്തേക്കുള്ള ചര്‍ച്ചയില്‍ ഉണ്ടായിരുന്നെങ്കിലും ഒടുവില്‍ തൃത്താല എംഎല്‍എയെ മന്ത്രിയാക്കാന്‍ പാര്‍ട്ടി തീരുമാനിക്കുകയായിരുന്നു. എം വി ഗോവിന്ദന്‍ ഒഴിയുന്ന സ്ഥാനത്തേക്ക് കണ്ണൂരില്‍ നിന്നൊരു നേതാവ് മന്ത്രിസ്ഥാനത്തേക്ക് വരുമെന്നും പ്രതീക്ഷിക്കപ്പെട്ടിരുന്നു.
എന്നാല്‍ അപ്രതീക്ഷിതമായിട്ടാണ് ഷംസീര്‍ സ്പീക്കര്‍ സ്ഥാനത്തേക്ക് വരുന്നത്. തുടര്‍ച്ചയായ രണ്ടാം തവണയാണ് ഷംസീര്‍ എം എല്‍ എയാകുന്നത്. അതുകൊണ്ടുതന്നെ മന്ത്രിസഭയിലേക്ക് അദ്ദേഹത്തെ പരിഗണിക്കുമെന്ന് ഉറപ്പായിരുന്നു. എന്നാല്‍, എം പിയെന്ന നിലയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച എം ബി രാജേഷിനെയും പാര്‍ട്ടിക്ക് അവഗണിക്കാനാകുമായിരുന്നില്ല. നേരത്തെ എം ബി രാജേഷിനെ സ്പീക്കറാക്കി ഒതുക്കിയെന്ന ആരോപണവും ഉയര്‍ന്നിരുന്നു.
എന്തായാലും ഉത്തരവാദിത്തപ്പെട്ട സ്ഥാനമാണ് പാര്‍ട്ടി ഷംസീറിന് നല്‍കിയിരിക്കുന്നത്. എം ബി രാജേഷ് തിളങ്ങിയ സ്ഥാനത്ത് ഷംസീറിന്‍റെ പ്രകടനമെങ്ങനെയാകുമെന്നാണ് രാഷ്ട്രീയ കേരളം ഇനി ഉറ്റുനോക്കുന്നത്. സ്പീക്കര്‍ പദവിയുടെ മഹത്വത്തെ കുറിച്ച് നല്ല ബോധ്യമുണ്ടെന്ന് എ എന്‍ ഷംസീര്‍ പ്രതികരിച്ചിരുന്നു.
മുൻ വിധിയില്ലാതെ പ്രതിപക്ഷത്തേയും ഭരണപക്ഷത്തേയും ഒരുമിച്ച് കൊണ്ടുപോകുമെന്നും ഷംസീര്‍ പറഞ്ഞു. സ്പീക്കര്‍ പദവിയിൽ എ എൻ ഷംസീറിനെ തീരുമാനിച്ചത് മുതൽ ട്രോളുകള്‍ വന്നിരുന്നു. രാഷ്ട്രീയം പറയേണ്ട സാഹചര്യത്തിൽ പറയും. പക്ഷേ, കക്ഷി രാഷ്ട്രീയം ഒഴിവാക്കും. മുൻ സ്‍പീക്കര്‍മാരില്‍ നിന്ന് ഉപദേശം സ്വീകരിച്ച് പ്രവര്‍ത്തിക്കും. തന്നെപ്പറ്റി ഒരു മുൻ വിധിയും ആർക്കും ഉണ്ടാവേണ്ടതില്ലെന്നും ഷംസീര്‍ പറഞ്ഞു.