Sunday, April 13, 2025
Sports

കോലിക്ക് ഇരട്ട സെഞ്ച്വറി നഷ്ടം, ഇന്ത്യക്ക് ഒന്നാം ഇന്നിംഗ്സിൽ 91 റണ്‍സ് ലീഡ്‌

ഓസ്‌ട്രേലിയക്കെതിരായ അവസാന ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യ 571 റണ്‍സിന് പുറത്ത്. ഇന്ത്യ 91 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടി. മുൻ ക്യാപ്റ്റൻ കോലിയുടെ മികവാണ് ഇന്ത്യക്ക് കരുത്തായത്. ഇരട്ട സെഞ്ച്വറിക്ക് അരികെയെത്തിയാണ് കോലി പുറത്തായത്. താരം 364 പന്തിൽ നിന്നും 186 റൺസ് നേടി. നാലാം ദിനം കളി അവസാനിക്കുമ്പോൾ ഓസ്ട്രേലിയ വിക്കറ്റ് നഷ്ട്ടമില്ലാതെ മൂന്ന് റൺസ് നേടിയിട്ടുണ്ട്. നേരത്തെ ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് 480 റണ്‍സില്‍ അവസാനിച്ചിരുന്നു.

ശുഭ്മാൻ ഗില്ലിൽ(128), വിരാട് കോലി(186), അക്‌സർ പട്ടേൽ (79) എന്നിവരുടെ പിൻബലത്തിലാണ് ഇന്ത്യ 571 എന്ന റൺസിലേക്ക് എത്തിയത്. ശ്രേയസ് അയ്യർക്ക് പരുക്കേറ്റ് ബാറ്റ് ചെയ്യാൻ കഴിയാതെ വന്നതോടെ ഇന്ത്യയുടെ ഇന്നിംഗ്‌സ് ഒമ്പത് വിക്കറ്റിൽ അവസാനിക്കുകയായിരുന്നു. കോലിയാണ് ഏറ്റവും ഒടുവുൽ പുറത്തായ ബാറ്റർ. കരിയറിലെ 75–ാം സെഞ്ച്വറിയും 28–ാം ടെസ്റ്റ് സെഞ്ച്വറിയുമാണ് കോലി അഹമ്മദാബാദില്‍ സ്വന്തമാക്കിയത്. മൂന്ന് വര്‍ഷത്തെ ടെസ്റ്റ് സെഞ്ച്വറി വരള്‍ച്ചയ്ക്കാണ് മുൻ നായകൻ വിരാമമിട്ടത്.

ഓസ്‌ട്രേലിയക്കായി നഥാൻ ലിയോണും ടോഡ് മർഫിയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. രണ്ടാം ഇന്നിംഗ്‌സിൽ നാലാം ദിനം കളി അവസാനിക്കുന്നത് വരെ ഓസ്‌ട്രേലിയ വിക്കറ്റൊന്നും നഷ്ടപ്പെടാതെ മൂന്ന് റൺസെടുത്തിട്ടുണ്ട്. ട്രാവിസ് ഹെഡ്(3), മാത്യു കുഹ്നെമാൻ(0) എന്നിവരാണ് ക്രീസിൽ.

Leave a Reply

Your email address will not be published. Required fields are marked *