സിറിയ, തുര്‍ക്കി ഭൂകമ്പം; മരിച്ചവരുടെ എണ്ണം 21,000 കടന്നു
ഭൂചലനം നാശം വിതച്ച തുര്‍ക്കിയിലും സിറിയയിലും മരണം 21,000 കടന്നു. തുര്‍ക്കിയില്‍ മരണസംഖ്യ 17,100 ഉം സിറിയയില്‍ 3,100 പിന്നിട്ടു. നിരവധി പേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയാണ്. രക്ഷാപ്രവര്‍ത്തനവും തുടരുന്നു. ഒരു രക്ഷത്തിലധികം പേരാണ് രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്നത്. അതിശൈത്യവും മഴയും മൂലം രക്ഷാപ്രവര്‍ത്തനം മന്ദഗതിയിലാണെന്നതും പ്രതിസന്ധിയാണ്. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവമാണ് രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളി.
അതേസമയം സിറിയയിലെ വിമത മേഖലകളില്‍ സഹായം എത്തിച്ചുകൊണ്ടിരിക്കുകയാണ് ഐക്യരാഷ്ട്രസഭ. കൂടുതല്‍ സഹായം എത്തിക്കാന്‍ ലോകം കൈകോര്‍ക്കണമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് അഭ്യര്‍ത്ഥിച്ചു. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ലോകാരോഗ്യ സംഘടനാ തലവന്‍ സിറിയയിലേക്ക് പുറപ്പെടും. ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് തുര്‍ക്കിക്ക് അടിയന്തര സഹായം ലോകബാങ്ക് പ്രഖ്യാപിച്ചു. അടിസ്ഥാന അടിസ്ഥാന സൗകര്യങ്ങള്‍ പുനര്‍നിര്‍മ്മിക്കുന്നതിനും ഭൂകമ്പം ബാധിച്ചവരെ പിന്തുണയ്ക്കുന്നതിനുമായി അടിയന്തര ധനസഹായം ഉള്‍പ്പെടെ 1.78 ബില്യണ്‍ ഡോളറാണ് തുര്‍ക്കിക്ക് ലോക ബാങ്ക് വാഗ്ദാനം ചെയ്തത്.
ഭൂകമ്പം ഉണ്ടായി ഏകദേശം 100 മണിക്കൂര്‍ പിന്നിട്ടുകഴിഞ്ഞു. ഈ ഘട്ടത്തില്‍ കൂടുതല്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നത് വെല്ലുവിളിയായിരിക്കും. നൂറ്റാണ്ടിന്റെ ദുരന്തം എന്നാണ് തുര്‍ക്കി പ്രസിഡന്റ് രജിപ് തയ്യിബ് എര്‍ദോഗാന്‍ ഭൂകമ്പത്തെ വിശേഷിപ്പിച്ചത്. തകര്‍ന്ന റോഡുകളും വാഹന ദൗര്‍ലഭ്യതയും കാരണം രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്.
ദുരന്തത്തില്‍ നിന്നും രക്ഷപെട്ടവര്‍ക്ക് പാര്‍പ്പിടം, ഭക്ഷണം, വെള്ളം, മരുന്ന് എന്നിവ പരമാവധി വേഗത്തില്‍ ലഭ്യമാക്കണമെന്നും അല്ലാത്തപക്ഷം രണ്ടാമത്തെ മാനുഷിക ദുരന്തമായി തീരുമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി. തിങ്കളാഴ്ച പുലര്‍ച്ചെയാണ് സിറിയന്‍ അതിര്‍ത്തിക്കടുത്തുള്ള തെക്ക്-കിഴക്കന്‍ തുര്‍ക്കിയില്‍ പതിനായിരക്കണക്കിന് ആളുകളുടെ ജീവനെടുത്ത ഭൂകമ്പമുണ്ടായത്. ആയിരക്കണക്കിന് പേര്‍ക്കാണ് ഗുരുതരമായി പരുക്കേറ്റത്.