Tuesday, January 7, 2025
World

ഗ്രീസ്-തുര്‍ക്കി അതിര്‍ത്തിയില്‍ മുറിവേറ്റ് നഗ്നരായി അഭയാര്‍ത്ഥികള്‍; ദുഃഖവും നടുക്കവും അറിയിച്ച് യുഎന്‍

ഗ്രീസ്-തുര്‍ക്കി അതിര്‍ത്തിയില്‍ നൂറോളം അഭയാര്‍ത്ഥികളെ നഗ്നരായി കണ്ടെത്തിയ സംഭവത്തില്‍ ദുഖം അറിയിച്ച് ഐക്യരാഷ്ട്ര സഭ. സംഭവം അതീവ ദുഃഖമുളവാക്കുന്നുവെന്ന് ഐക്യരാഷ്ട്ര സഭ പ്രഖ്യാപിച്ചു. എന്നാല്‍ സംഭവത്തില്‍ തുര്‍ക്കിയും ഗ്രീസും പരസ്പരം കുറ്റമാരോപിക്കുകയാണ്. അഭയാര്‍ത്ഥി പ്രശ്‌നങ്ങളുടെ യഥാര്‍ഥ കാരണക്കാര്‍ തുര്‍ക്കിയാണെന്ന് ഗ്രീസും ഗ്രീസാണെന്ന് തുര്‍ക്കിയും ആരോപിക്കുകയാണ്.

വെള്ളിയാഴ്ചയാണ് ശരീരമാകെ മുറിവുകളുമായി പൂര്‍ണ നഗ്നരായ 92 അഭയാര്‍ത്ഥികളെ തുര്‍ക്കിയുടെ പടിഞ്ഞാറന്‍ അതിര്‍ത്തി പ്രദേശത്തുനിന്നും പൊലീസ് കണ്ടെത്തുന്നത്. തുര്‍ക്കിയില്‍ നിന്നും ഗ്രീസിലേക്ക് അഭയാര്‍ത്ഥികളെ തള്ളിവിടുകയാണെന്ന് ചില ഏജന്‍സികളുടെ അന്വേഷണത്തെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കുടിയേറ്റക്കാര്‍ പ്ലാസ്റ്റിക് ബോട്ടുകളില്‍ എവ്‌റോസ് നദിയിലൂടെ ഗ്രീസിലേക്ക് കടന്നതായാണ് പൊലീസ് കണ്ടെത്തിയത്. കുടിയേറ്റക്കാര്‍ക്ക് പ്രഥമശുശ്രൂഷയും ഭക്ഷണവും വസ്ത്രവും ഉദ്യോഗസ്ഥര്‍ നല്‍കിയതായി പൊലീസ് പറഞ്ഞു. തുര്‍ക്കിയുടെ നടപടി മനുഷ്യത്വരഹിതവും ലോകത്തിനാകെ നാണക്കേടുമാണെന്ന് ഗ്രീസിലെ മൈഗ്രേഷന്‍ ആന്‍ഡ് അസൈലം മന്ത്രി നോട്ടിസ് മിറ്റാറാച്ചി വിമര്‍ശിച്ചു. മുറിവുകളുമായി അതിര്‍ത്തി കടക്കുന്ന മനുഷ്യരുടെ ചിത്രം ട്വിറ്ററില്‍ പങ്കുവച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എന്നാല്‍ ഗ്രീസ് പറയുന്നതെല്ലാം കളവാണെന്നാണ് തുര്‍ക്കിയുടെ വാദം.

Leave a Reply

Your email address will not be published. Required fields are marked *