തുര്‍ക്കിയിലെ ഭൂകമ്പം: മരണസംഖ്യ 51ആയി
അങ്കാറ: പടിഞ്ഞാറന്‍ തുര്‍ക്കിയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 51 ആയി ഉയര്‍ന്നതായി തുര്‍ക്കി വൈസ് പ്രസിഡന്റ് ഫൗട്ട് ഒക്ടെയ് പറഞ്ഞു. ഇന്ന് രാവിലെ 9.30നും തുര്‍ക്കിയില്‍ തുടര്‍ചലനങ്ങള്‍ അനുഭവപ്പെട്ടു. ഏകദേശം 850ഓളം പ്രകമ്പനങ്ങളാണ് ഉണ്ടായത്. അതില്‍ 40 എണ്ണം റിക്ചര്‍ സ്‌കെയിലില്‍ 4 രേഖപ്പെടുത്തി. കാണാതായവര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.
682 പേരെ ആശുപത്രിയില്‍ നിന്ന് വിട്ടയച്ചു. 214 പേര്‍ ഇപ്പോഴും ചികില്‍സയിലാണ്. വലിയ കോണ്‍ക്രീറ്റ് പാളികള്‍ മുറിച്ചുമാറ്റിയാണ് കുടുങ്ങിയവരെ പുറത്തെത്തിച്ചത്.
വെള്ളിയാഴ്ച പടിഞ്ഞാറന്‍ പ്രവിശ്യയായ ഇസ്മിറിലാണ് റിക്ടര്‍ സ്‌കെയിലില്‍ 7.0 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമണ്ടായത്. ഗ്രീസിന്റെയും തുര്‍ക്കിയുടെയും ഈജിയന്‍ തീരമായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. തുര്‍ക്കിയിലെ നാശനഷ്ടങ്ങളില്‍ ഭൂരിഭാഗവും സംഭവിച്ചിരിക്കുന്നത് ഈജിയന്‍ റിസോര്‍ട്ട് നഗരമായ ഇസ്മിറിലും പരിസരത്തുമാണ്. മൂന്ന് ദശലക്ഷം ആളുകളാണ് ഇവിടെ താമസിക്കുന്നത്. ഒപ്പം ഉയര്‍ന്ന അപ്പാര്‍ട്ട്മെന്റ് ബ്ലോക്കുകള്‍ നിറഞ്ഞതുമാണ്. ഏകദേശം 165 കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങളില്‍ ഭൂകമ്പം അനുഭവപ്പെട്ടു. ഭൂകമ്പത്തെ തുടര്‍ന്ന് കടല്‍ വലിയതോതില്‍ പ്രക്ഷുബ്ധമായതായും തീരമേഖലയില്‍ കടലാക്രമണമുണ്ടായതായും ദൃക്‌സാക്ഷികള്‍ പറയുന്നു.