Saturday, April 12, 2025
World

വിദ്വേഷ പ്രസംഗക്കേസില്‍ ഇമ്രാന്‍ ഖാന് താത്ക്കാലിക ആശ്വാസം; അറസ്റ്റ് ഉടന്‍ ഉണ്ടാകില്ല

വിദ്വേഷ പ്രസംഗക്കേസില്‍ പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് താത്ക്കാലിക ആശ്വാസം. കേസില്‍ പാകിസ്താനിലെ ഒരു ലോക്കല്‍ കോടതി പുറപ്പെടുവിച്ച ജാമ്യമില്ലാ അറസ്റ്റ് വാറന്റ് ബലൂചിസ്താന്‍ ഹൈക്കോടതി രണ്ടാഴ്ചത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു. ഇമ്രാനെ അറസ്റ്റ് ചെയ്യാന്‍ ക്വറ്റ പൊലീസ് സംഘം ലാഹോറിലെത്തിയതിന് പിന്നാലെയാണ് ബലൂചിസ്താന്‍ ഹൈക്കോടതിയില്‍ നിന്നും ഇമ്രാന്‍ ഖാന് അനുകൂലമായ നിര്‍ദേശം വരുന്നത്.

ഒരാഴ്ചയോളമായി ഇമ്രാനെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് ശ്രമിച്ചുവരികയായിരുന്നു. കഴിഞ്ഞ ആഴ്ചയില്‍ സമം പാര്‍ക്കിലുള്ള അദ്ദേഹത്തിന്റെ വസതിയില്‍ പ്രവേശിക്കാന്‍ പൊലീസിന് കഴിഞ്ഞിരുന്നു. എന്നാല്‍ നൂറുകണക്കിന് ആളുകള്‍ വസതിക്ക് പുറത്ത് പോലീസിനെതിരെ മുദ്രവാക്യങ്ങളുമായി ഒത്തുചേര്‍ന്നതോടെ അറസ്റ്റിന് കഴിയാതെ പൊലീസിന് മടങ്ങേണ്ടി വരികയായിരുന്നു.

ഇമ്രാന്‍ ഖാനെതിരായ കേസിനെതിരെ ഇമ്രാന്‍ അനുകൂലികള്‍ ശക്തമായ പ്രതിഷേധമാണ് ഉയര്‍ത്തുന്നത്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തി ഇമ്രാന്‍ വിദ്വേഷ പ്രചാരണം നടത്തുന്നുവെന്ന പരാതിയിലാണ് നിയമനടപടികള്‍ ഉണ്ടാകുന്നത്. പാകിസ്താന്‍ പീനല്‍ കോഡിലെ വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട വകുപ്പുകളും ഇലക്രോണിക്‌സ് ക്രൈംസ് ആക്ട്, 2016 വകുപ്പുകളും ചേര്‍ത്താണ് ഇമ്രാന്‍ ഖാനെതിരെ കേസെടുത്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *