സാങ്കേതിക തകരാര്‍; ഇമ്രാന്‍ ഖാന്റെ വിമാനം അടിയന്തരമായി നിലത്തിറക്കി
മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ വിമാനം അടിയന്തരമായി ലാന്‍ഡ് ചെയ്തു. സാങ്കേതിക തകരാര്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വിമാനം അടിയന്തരമായി ഇറക്കുകയായിരുന്നെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം മോശം കാലാവസ്ഥ കാരണമാണ് വിമാനം അടിയന്തരമായി ഇറക്കിയതെന്നും ഇമ്രാന്‍ ഖാന്‍ ഇസ്ലാമാബാദിലേക്ക് മടങ്ങിയെന്നും പിടിഐ നേതാവ് അസ്ഹര്‍ മഷ്വാനി വ്യക്തമാക്കി.
വിമാനാപകടത്തില്‍ നിന്ന് ഇമ്രാന്‍ ഖാന്‍ രക്ഷപ്പെട്ടുവെന്ന ചില മാധ്യമ റിപ്പോര്‍ട്ടുകളോടുള്ള പ്രതികരണമായാണ് അസ്ഹര്‍ മഷ്വാനിയുടെ വിശദീകരണം. ഒരു പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യാന്‍ പഞ്ചാബിലെ ഗുജ്റന്‍വാലയിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. വിമാനത്തില്‍ എന്തെങ്കിലും സാങ്കേതിക തകരാറുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്നും പിടിഐ നേതാവ് തന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍ കുറിച്ചു. വിമാനമിറക്കിയ ശേഷം ഇമ്രാന്‍ ഖാന്‍ റോഡ് മാര്‍ഗമാണ് ഗുജ്റന്‍വാലയിലേക്ക് പോയത്.
ഈ മാസമാദ്യം ഇസ്ലാമാദില്‍ വച്ച് ഇമ്രാന്‍ ഖാന്റ സുരക്ഷാ വാഹനത്തിന് തീപിടിച്ചിരുന്നു. ഇതിന് പിന്നാലെയുണ്ടായ സംഭവമെന്നോണമാണ് വിമാന അപകടത്തില്‍ നിന്ന് രക്ഷപെട്ടുവെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നത്.