Monday, January 6, 2025
Kerala

ആദിവാസി യുവാവ് വിശ്വനാഥൻ ആത്മഹത്യ ചെയ്തിട്ട് ഒരു മാസം; ഇരുട്ടിൽ പരതി പൊലീസ്

വയനാട് സ്വാദേശി വിശ്വനാഥൻ ആത്മഹത്യ ചെയ്തിട്ട് ഇന്നേക്ക് ഒരു മാസം. വിശ്വനാഥനെ മരണത്തിലേക്ക് തള്ളിവിട്ട പ്രതികളെ പിടിക്കൂടുന്നതിനോ കണ്ടെത്താനോ പൊലീസിന് ഇന്ന് വരെ സാധിച്ചിട്ടില്ല. മെഡിക്കൽ കോളേജ് എസിപിയുടെ നേതൃത്വത്തിൽ കേസ് മന്ദഗതിയിലായിരുന്നു മുന്നോട്ട് പോയിരുന്നത്. എന്നാൽ, എസ്‌സി – എസ്ടി കമ്മീഷൻ ജില്ലയിലെത്തുകയും സിറ്റിംഗ് നടത്തുകയും പൊലീസിനെ രൂക്ഷമായി വിമർശിക്കുകയും ചെയ്തിരുന്നു. തുടർന്നാണ്, കേസിൽ ഗുരുതരമായ വകുപ്പുകൾ ചുമത്തി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയത്. ഫെബ്രുവരി ഒൻപതാം തിയതിയാണ് കേസിനാധാരമായ സംഭവങ്ങൾ നടക്കുന്നത്. വിശ്വനാഥനെ കള്ളനെന്ന് വിളിച്ച് ആൾക്കൂട്ടം വിചാരണ ചെയ്യുകയായിരുന്നു. മനം നൊന്ത് വിശ്വനാഥൻ ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് മനുഷ്യാവകാശ കമ്മീഷന് പൊലീസ് നൽകിയ റിപ്പോർട്ടിൽ പറയുന്നത്.

പക്ഷെ, വിശ്വനാഥനെ കള്ളനെന്ന് വിളിച്ചതും ചോദ്യംചെയ്തതും ആരെല്ലാമാണെന്ന് കണ്ടെത്താൻ പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ല. ആ ദിവസം, മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിന്റെ പരിസരത്തുണ്ടായിരുന്ന കൂട്ടിരിപ്പുകാരുടെ പട്ടിക പോലീസ് തയ്യാറാക്കിയിട്ടുണ്ട്. അതിൽ നിന്ന് നൂറിലധികം പേരുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. അവയിൽ, വിശ്വനാഥനെ സംഘത്തോടൊപ്പം കണ്ടവരുണ്ട്. താൻ കള്ളനല്ലെന്നും മൊബൈലോ പണമോ മോഷ്ടിച്ചിട്ടില്ലെന്നും മറ്റുള്ളവരോട് വിശ്വനാഥൻ പറഞ്ഞതായും മൊഴികളിലുണ്ട്. എന്നാൽ, ആരാണ് വിശ്വനാഥനെ കള്ളൻ എന്ന വിളിച്ചത്, ആരാണ് ചോദ്യം ചെയ്‌തത്‌ എന്ന കാര്യങ്ങളിൽ വ്യക്തത വരുത്താൻ പൊലീസിന് സാധിച്ചിട്ടില്ല.

സമീപത്തെ സെക്യൂരിറ്റി ക്യാമറകൾ പരിശോധിച്ചെങ്കിലും നിരാശയായിരുന്നു ഫലം. വിശ്വനാഥനെ ആളുകൾ വളഞ്ഞ ആക്രമിക്കുന്നതിന്റെയോ ചോദ്യം ചെയ്യുന്നതിന്റെയോ ദൃശ്യങ്ങൾ ലഭിച്ചിട്ടില്ല. കഴിഞ്ഞ മാസം 11നാണ് തൂങ്ങി മരിച്ച നിലയിൽ വിശ്വനാഥനെ കണ്ടെത്തിയത്. ശാസ്ത്രീയമായ അന്വേഷണങ്ങൾ ഉണ്ടാകുമെന്നും കർശന നടപടികൾ സ്വീകരിക്കുമെന്നും മന്ത്രിമാർ ഉൾപ്പെടെ അറിയിച്ചെങ്കിലും ഒരു മാസം കഴിഞ്ഞിട്ടും കുറ്റക്കാരെ കണ്ടെത്താൻ സാധിക്കാതെ പൊലീസ് ഇരുട്ടിൽ പരതുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *