ഓട്ടോ വിളിച്ച് ഇമ്രാന് സര്‍പ്രൈസ് നല്‍കി ഗോപി സുന്ദര്‍; കൈയടിച്ച് സോഷ്യല്‍ മീഡിയ
ഗായകന്‍ ഇമ്രാന്‍ ഖാന് നല്‍കിയ വാഗ്ദാനം പാലിച്ച് സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍. റിയാലിറ്റി ഷോയിലൂടെ പ്രശസ്തനായ ഇമ്രാന് മറ്റൊരു റിയാലിറ്റി ഷോയില്‍ അതിഥിയായി എത്തിയപ്പോഴാണ് ഒരു ഗാനം നല്‍കാമെന്ന് വാഗ്ദാനം ചെയ്തത്. കിടിലന്‍ സര്‍പ്രൈസ് ഒരുക്കിയാണ് ഗോപി സുന്ദര്‍ ഗായകനെ തന്റെ ചിത്രത്തിലേക്ക് ക്ഷണിച്ചത്.
റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായെങ്കിലും ഓട്ടോ ഓടിച്ചാണ് ഇമ്രാന്‍ ഇപ്പോഴും ഉപജീവനത്തിനുള്ള മാര്‍ഗം കണ്ടെത്തുന്നത്. മാസ്‌ക് ധരിച്ച് ഈ ഓട്ടോയില്‍ കയറുകയായിരുന്നു ഗോപി സുന്ദര്‍. ഇടയ്ക്ക് ചായ കുടിക്കാനായി ഓട്ടോ നിര്‍ത്തിയ ശേഷം സൗഹൃദ സംഭാഷണത്തിനിടെയാണ് തന്റെ പേര് ഇമ്രാനോട് ഗോപി സുന്ദര്‍ വെളിപ്പെടുത്തിയത്.
ഇതോടെ ഞെട്ടിപ്പോയ ഇമ്രാന്റെ കൈകളിലേക്ക് പുതിയ പാട്ടിന്റെ അഡ്വാന്‍സും നല്‍കി. ഗോപി സുന്ദര്‍ തന്നെയാണ് ഈ സര്‍പ്രൈസ് വീഡിയോ തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ചിരിക്കുന്നത്. പുതിയ പാട്ടിന്റെ ഈണം ഇമ്രാനെ പഠിപ്പിക്കുകയും ചെയ്തു. ബി.കെ ഹരിനാരായണനാണ് പാട്ടിന് വരികളൊരുക്കുന്നത്.
അധികം താമസമില്ലാതെ പാട്ടിന്റെ റെക്കോഡിംഗ് ഉണ്ടാകുമെന്നും ഗോപി സുന്ദര്‍ അറിയിച്ചു. പറഞ്ഞ വാക്കിന് വില കല്‍പ്പിച്ച ഗോപി സുന്ദറിന്റെ പ്രവൃത്തിയ്ക്ക് കൈയടിക്കുകയാണ് സോഷ്യല്‍ മീഡിയ.