പ്രതിദിനം നാല് മില്യൺ ഡോളർ നഷ്ടം; ജീവനക്കാരെ പിരിച്ചുവിടുന്നതിനെ ന്യായീകരിച്ച് ഇലോൺ മസ്ക്
ട്വിറ്ററിൽ വ്യാപകമായി ജീവനക്കാരെ പിരിച്ചുവിടുന്നതിനെ ന്യായീകരിച്ച് സിഇഒ ഇലോൺ മസ്ക്. പ്രതിദിനം 4 മില്ല്യൺ ഡോളർ നഷ്ടമാണ് ട്വിറ്ററിനുള്ളതെന്നും പിരിച്ചുവിടൽ അല്ലാതെ മറ്റ് വഴിയില്ലെന്നും മസ്ക് കുറിച്ചു. പുറത്തുപോകുന്നവർക്ക് മൂന്നുമാസത്തെ ആനൂകൂല്യങ്ങൾ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും ഇത് നിയമപരമായി നൽകേണ്ടതിനെക്കാൾ 50 ശതമാനം അധികമാണെന്നും മസ്ക് ട്വീറ്റ് ചെയ്തു.
‘ട്വിറ്ററിലെ പിരിച്ചുവിടലുമായി ബന്ധപ്പെട്ട് പറയുകയാണെങ്കിൽ പ്രതിദിനം നാല് മില്ല്യൺ ഡോളറിന്റെ നഷ്ടമുണ്ടാകുമ്പോൾ, നിർഭാഗ്യവശാൽ മറ്റു വഴികളില്ല. പുറത്തുപോകുന്ന എല്ലാവർക്കും മൂന്നുമാസത്തെ ആനൂകൂല്യങ്ങൾ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇത് നിയമപരമായി നൽകേണ്ടതിനെക്കാൾ 50 ശതമാനം അധികമാണ്.”-മസ്‌ക് പറഞ്ഞു.
മസ്ക് ട്വിറ്റർ ഏറ്റെടുത്തതിനു ശേഷം കൂട്ടപ്പിരിച്ചുവിടലാണ് നടക്കുന്നത്. ഇന്ത്യയിലെ ജീവനക്കാരെയും വ്യാപകമായി പിരിച്ചുവിട്ടു. മാർക്കറ്റിംഗ്, കമ്മ്യൂണിക്കേഷൻ വിഭാഗങ്ങളിലാണ് കൂട്ടപ്പിരിച്ചുവിടൽ. തങ്ങളെ പിരിച്ചുവിട്ടതായി നിരവധി ജീവനക്കാർ സമൂഹമാധ്യമങ്ങളിലൂടെ അറിയിക്കുകയായിരുന്നു.
ആഗോളതലത്തിൽ തന്നെ ട്വിറ്റർ ജീവനക്കാർ പിരിച്ചുവിടൽ നേരിടുന്നതിനിടെയാണ് ട്വിറ്റർ ഇന്ത്യയിലും കൂട്ടപ്പിരിച്ചുവിടൽ നടന്നത്. ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് പിരിച്ചുവിടലെന്നാണ് റിപ്പോർട്ട്. ട്വിറ്റർ ഇന്ത്യയിൽ ഏകദേശം 250 ജീവനക്കാരാണുള്ളത്. നാലാം തിയതി ട്വിറ്ററിന്റെ എല്ലാ ജീവനക്കാർക്കും ഒരു ഇ മെയിൽ ലഭിക്കുമെന്നും ജോലിയിൽ നിങ്ങൾ തുടരുമോ ഇല്ലയോ എന്നത് സംബന്ധിച്ച വിവരങ്ങൾ ഇ മെയിലിൽ ഉണ്ടാകുമെന്നും അറിയിപ്പുണ്ടായിരുന്നു. ഇലോൺ മസ്‌ക് ട്വിറ്റർ ഏറ്റെടുത്തതിന് പിന്നാലെ സിഇഒ പരാഗ് അഗർവാൾ ഉൾപ്പെടെയുള്ളവരെ നീക്കിയിരുന്നു.