സുഹൃത്തിൻ്റെ കാമുകിയുമായുള്ള അടുപ്പം, കോളജ് വിദ്യാർത്ഥിയെ അതിക്രൂരമായി മർദ്ദിച്ചു; നാല് പേർ അറസ്റ്റിൽ
എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ സഹപാഠിയെ ക്രൂര മര്‍ദ്ദനത്തിനിരയാക്കുകയും ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് പൊള്ളിക്കുകയും ചെയ്തു. ആന്ധ്രാപ്രദേശിലെ പശ്ചിമ ഗോദാവരി ജില്ലയിലെ ഭീമവാരത്താണ് സംഭവം. പ്രതികളിൽ ഒരാളുടെ കാമുകിയുമായുള്ള വിദ്യാര്‍ത്ഥിയുടെ അടുപ്പത്തെ ചൊല്ലി തർക്കമുണ്ടായെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ നാല് പേരെ ഭീമാവരം പൊലീസ് അറസ്റ്റ് ചെയ്തു.
സ്വകാര്യ എഞ്ചിനീയറിംഗ് കോളജിലെ വിദ്യാര്‍ത്ഥികളാണ് സഹപാഠിയെ അതിക്രൂരമായി ദേഹോപദ്രവമേല്‍പ്പിച്ചത്. എസ്ആർകെആർ എഞ്ചിനീയറിംഗ് കോളജിലെ രണ്ടാം വർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാര്‍ത്ഥികളാണ് ഇവരെല്ലാവരും. ടൗണിലെ ഒരു സ്വകാര്യ ഹോസ്റ്റലിലാണ് അഞ്ചു വിദ്യാര്‍ത്ഥികളും താമസിക്കുന്നത്. പ്രണയ ബന്ധത്തെ ചൊല്ലി ഇവർ തമ്മിൽ തർക്കമുണ്ടായെന്നാണ് റിപ്പോർട്ട്. അങ്കിത് എന്ന വിദ്യാര്‍ത്ഥിയ്ക്കാണ് മര്‍ദ്ദനമേറ്റത്.
പ്രവീൺ, പ്രേംകുമാർ, സ്വരൂപ്, നീരജ് എന്നീ നാല് വിദ്യാർത്ഥികൾ ചേർന്ന് അങ്കിതിനെ വടികൊണ്ട് ക്രൂരമായി ആക്രമിക്കുകയും ദേഹമാസകലം പരുക്കേൽക്കുകയും ചെയ്തു. തുടർന്ന് ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് പൊള്ളിക്കുകയുമായിരുന്നു. മറ്റൊരു വിദ്യാർത്ഥി ഇത് മുഴുവൻ ഷൂട്ട് ചെയ്തു. നെഞ്ചിലും കൈകളിലും സാരമായി പരുക്കേറ്റ വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മർദനമേറ്റ യുവാവ് ഭീമവാരം ടു ടൗൺ പൊലീസിൽ പരാതി നൽകി.