Saturday, April 12, 2025
Kerala

ജീവനക്കാരെ അടച്ചാക്ഷേപിച്ചിട്ടില്ല, പ്രശ്‌നക്കാർ അഞ്ച് ശതമാനം മാത്രം: കെ എസ് ആർ ടി സി എംഡി

കെ എസ് ആർ ടി സി ജീവനക്കാരെ മൊത്തത്തിൽ അടച്ചാക്ഷേപിച്ചിട്ടില്ലെന്ന് എംഡി ബിജു പ്രഭാകർ. ഒരു വിഭാഗം ജീവനക്കാർ മാത്രം കുഴപ്പക്കാരാണെന്നാണ് താൻ പറഞ്ഞത്. അവരെ കണ്ടെത്തി നടപടി സ്വീകരിക്കും.

95 ശതമാനം ജീവനക്കാരും നല്ല രീതിയിലാണ് പ്രവർത്തിക്കുന്നത്. അഞ്ച് ശതമാനം ജീവനക്കാർ മാത്രമാണ് പ്രശ്‌നമുണ്ടാക്കുന്നത്. ഇവർക്ക് ഒരു യൂനിയന്റെയും പിന്തുണയില്ല. ഇക്കാര്യം യൂനിയൻ നേതാക്കൾ തന്നെ പറഞ്ഞിട്ടുണ്ട്

യൂനിയനുകൾ നൽകിയ നിർദേശങ്ങളാണ് കഴിഞ്ഞ ഏഴ് മാസമായി താൻ കെ എസ് ആർ ടി സിയിൽ നടപ്പാക്കിയത്. കഴിവില്ലാത്ത ഒരു വിഭാഗം ഉദ്യോഗസ്ഥരാണ് പ്രശ്‌നം. കൂട്ടായ പ്രയത്‌നം കെഎസ്ആർടിസിയിൽ ഇല്ല. എല്ലാ അഴിമതിയും ഇല്ലാതാക്കാമെന്ന് കരുതുന്നില്ല. പുതിയ സംവിധാനം ഏർപ്പെടുത്തി അഴിമതിക്കുള്ള സാധ്യത ഇല്ലാതാക്കുക എന്നതാണ് തന്റെ ജോലി.

കെ എസ് ആർ ടി സി നന്നാക്കാൻ കഴിയുമെന്ന ആത്മവിശ്വാസം തനിക്കുണ്ട്. മൂന്ന് വർഷത്തിനുള്ളിൽ കെഎസ്ആർടിസിയെ മെച്ചപ്പെടുത്തുമെന്നും എംഡി പറഞ്ഞു. ഡീസൽ മോഷണം ഉൾപ്പെടെയുള്ള കാര്യങ്ങൾ ശരിയാണ്. മിക്ക ബസുകളിൽ ഓഡോമീറ്റർ പ്രവർത്തിക്കുന്നില്ല. ചില ഡ്രൈവർമാർ എസിയിട്ട് ബസിൽ കിടന്നുറങ്ങുന്നതുൾപ്പെടെയുള്ള സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *