മൂവാറ്റുപുഴ കച്ചേരിത്താഴത്തെ ഗര്‍ത്തം അടച്ചു
മൂവാറ്റുപുഴ കച്ചേരിത്താഴത്തെ ഗര്‍ത്തം അടച്ചതോടെ പാലത്തിലൂടെയുള്ള വാഹന ഗതാഗതം പുനരാരംഭിച്ചു. കഴിഞ്ഞ ദിവസം രാത്രി രൂപപ്പെട്ട കുഴി ഇന്ന് പുലര്‍ച്ചയോടെ വലിയ ഗര്‍ത്തമായി മാറുകയായിരുന്നു. സ്ഥലത്തെത്തിയ എംഎല്‍എ മാത്യു കുഴല്‍നാടന്റേയും, വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ നടന്നത്. ബിഎസ്എന്‍എല്‍ കോണ്‍ക്രീറ്റ് ചേമ്പര്‍ പൊട്ടിച്ചുമാറ്റിയാണ് കുഴി അടക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. കോണ്‍ക്രീറ്റ് ഉപയോഗിച്ചാണ് കുഴി അടച്ചത്.
ബിഎസ്എന്‍എല്‍ കേബിളുകള്‍ കടന്നു പോകുന്ന കോണ്‍ക്രീറ്റ് ചേമ്പര്‍ മണ്ണിലേക്ക് ഇരുന്ന് പോയതാണ് കുഴി രൂപപ്പെടുവാന്‍ ഉണ്ടായ കാരണമെന്നാണ് വിലയിരുത്തല്‍. കുഴി രൂപപ്പെട്ടതിനെ തുടര്‍ന്ന് വലിയ പാലത്തില്‍ കൂടി ഉള്ള ഗതാഗതം പൂര്‍ണ്ണമായും തടസപ്പെട്ടിരുന്നു. പഴയ പാലത്തില്‍ കൂടി ഒരു വശത്തേയ്ക്ക് മാത്രമാണ് വാഹനങ്ങള്‍ കടത്തി വിട്ടിരുന്നത്.